മുംബൈ : മുംബൈയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്. മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഓട്ടോറിക്ഷാ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഓട്ടോറിക്ഷയ്‌ക്കൊപ്പം നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ജെസിബി ക്രെയിൻ എന്നിവയുടെ സഹായത്തോടെ ലോറി അപകടസ്ഥലത്ത് നിന്നും മാറ്റി.












