മുംബൈ : ഐപിഎലിൽ ആദ്യ ജയം തേടി ലക്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിംഗ്സും ഇന്നിറങ്ങും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ലക്നൗ ഗുജറാത്തിനെതിരെ പരാജയപ്പെട്ടപ്പോൾ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈ പരാജയം രുചിച്ചത്. രണ്ട് ടീമുകളുടെയും ആദ്യ മത്സരത്തിലെ തോൽവിക്ക് കാരണം ടോപ്പ് ഓർഡറുകളായിരുന്നു. ലക്നൗവിലെ ആദ്യ നാല് താരങ്ങളുടെ സ്കോറുകൾ യഥാക്രമം 0, 7, 10, 6. ക്യാപ്റ്റൻ ലോകേഷ് രാഹുൽ ഗോൾഡൻ ഡക്കായി.
5, 6, 7, നമ്പറുകളിറങ്ങിയ ദീപക് ഹൂഡ, ആയുഷ് ബദോനി, കൃണാൽ പാണ്ഡ്യ എന്നിവെരുടെ ഗംഭീര പ്രകടനങ്ങളാണ് ലക്നൗവിനെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 55 റൺസെടുത്ത് ഹൂഡ ടോപ്പ് സ്കോററായപ്പോൾ ആയുഷ് ബദോനി 54 റൺസെടുത്തു. കൃണാൽ 21 റൺസെടുത്ത് നോട്ടൗട്ടായിരുന്നു. ലക്നൗ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. മധ്യനിരയിൽ കളി പിടിക്കാൻ ലക്നൗവിനു സാധിച്ചെങ്കിലും 40 റൺസെടുത്ത് പുറത്താവാതെ നിന്ന രാഹുൽ തെവാട്ടിയ ഗുജറാത്തിനു ജയം സമ്മാനിക്കുകയായിരുന്നു.
ചെന്നൈയിലാവട്ടെ ഋതുരാജും (0), ഡെവൊൺ കോൺവെയും (3) വേഗം മടങ്ങിയപ്പോൾ 50 അടിച്ച് പുറത്താവാതെ നിന്ന മുൻ ക്യാപ്റ്റൻ എംഎസ് ധോണി അവരെ 131ലെത്തിച്ചു. എന്നാൽ, 4 വിക്കറ്റ് നഷ്ടപ്പെടുത്തി കൊൽക്കത്ത അനായാസം വിജയം കണ്ടു. രഹാനെ (44) ടോപ്പ് സ്കോററായപ്പോൾ മറ്റുള്ളവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. ചെന്നൈ നിരയിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി തിരികെയെത്തുന്നത് ഊർജമാവും. മിച്ചൽ സാൻ്റ്നർ ആവും പുറത്തിരിക്കുക. ലക്നൗ മാറ്റമില്ലാത്ത ടീമിനെയാവും രംഗത്തിറക്കുക.