ലഖ്നൗ : ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ഓസ്ട്രേലിയന്‍ പേസറായ ആന്‍ഡ്ര്യു ടൈ ആണ് വുഡിന്‍റെ പകരക്കാരനായി എത്തുന്നത്. നേരത്തെ സിംബാബ്‌വെ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയെ വുഡിന്‍റെ പകരക്കാരനായി ലഖ്നൗ ടീമിലെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സിംബാബ്‌വെ താരമല്ല ടൈ ആണ് വുഡിന്‍റെ പകരക്കാരനായ ടീമിലെത്തുകയെന്ന് ലഖ്‌നൗ ടീം ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് ടൈ ലഖ്‌നൗവിനായി പന്തെറിയുക. 2018 ഐപിഎല്ലില്‍ 24 വിക്കറ്റ് വീവ്ത്തിയ ടൈ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിട്ടുണ്ട് ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റും ഓസ്ട്രേലിയക്കായി 32 ടി20 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റും നേടിയിട്ടുള്ള 35കാരനായ ടൈ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് കൂടിയാണ്.
ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ ഇത്തവണ ചാമ്പ്യന്‍മാരാക്കുന്നതില്‍ ടൈയുടെ ബൗളിംഗ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബിഗ് ബാഷ് ഫൈനലില്‍ 15 റണ്‍സ് വഴങ്ങി ടൈ മൂന്ന് വിക്കറ്റെടുത്തിരുന്നു. ടൈക്ക് പുറമെ ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത് ചമീര, ഇന്ത്യന്‍ യുവ പേസര്‍ ആവേശ് ഖാന്‍, അങ്കിത് രജ്‌പുത് എന്നിവരാണ് ഇത്തവണ ലഖ്നൗവിന്‍റെ പേസര്‍മാര്‍. പേസ് ഓള്‍ റൗണ്ടര്‍മാരായി ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, കെയ്ല്‍ മയേഴ്സ് എന്നിവരും ലഖ്നൗ ടീമിലുണ്ട്. നേരത്തെ മാര്‍ക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ ശ്രമിച്ചിരുന്നെങ്കിലും ടസ്കിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ മുടങ്ങിയിരുന്നു.
ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക് വുഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ വുഡിന് ഐപിഎല്‍ നഷ്‌ടമാകുമെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ. ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്‍റെ നായകന്‍ കെ എല്‍ രാഹുലാണ്. വാംഖഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.