ദില്ലി : ലുധിയാന സ്‌ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്കാണ് അന്വേഷണം നീളുന്നത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ പൊലീസ് മുള്‍ട്ടാനിയെ പിടികൂടിയത്. പാകിസ്ഥാനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യയില്‍ എത്തിക്കാനും, ദില്ലിയിലും മുംബൈയിലും സ്‌ഫോടനം നടത്താനും ഇയാള്‍ പദ്ധതിയിട്ടെന്നാണ് വിവരം.
ലുധിയാന സ്‌ഫോടനത്തിന് ഖാലിസ്ഥാന്‍ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാര്‍ത്ഥ് ഛദ്യോപാധ്യയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഗഗന്‍ദീപിന് ഖാലിസ്ഥാന്‍ അടക്കമുള്ള വിദേശസംഘടനകളുമായി ബന്ധമുണ്ടെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ലഹരിക്കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കാനാണ് ഇയാള്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ചാണ് ഇയാള്‍ കോടതിക്കുള്ളില്‍ കടന്നതെന്നാണ് പൊലീസ് പറയുന്നത്.
ലഹരിമാഫിയ, കള്ളക്കടത്ത് സംഘങ്ങളുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ പ്രതിയായ ലഹരിക്കേസ് ലുധിയാന കോടതിയില്‍ വിചാരണയിലിരിക്കെ അതുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രണം ചെയ്താണ് സ്‌ഫോടനമെന്ന് പൊലീസ് പറയുന്നു. കേസില്‍ ഈ മാസം 24ന് ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടത്തിയത്. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ചാണ് ഇയാള്‍ കോടതിക്കുള്ളില്‍ കടന്നതെന്നും ശുചിമുറിവെച്ച് ഫ്യൂസ് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നുമാണ് പൊലീസ് കണ്ടെത്തല്‍.