കോഴിക്കോട് > കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് പറഞ്ഞത് നുണയാണെന്ന് ഗവർണർ തന്നെ തെളിയിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് നഗരത്തിലേക്കിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ലെന്നും ഇതാണ് കേരളമെന്ന് ഗവർണർക്ക് മനസിലായിക്കാണുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ. താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചു. ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി. ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല. സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിലത് കഴിയും, കേരളത്തിലെ കഴിയൂ- മന്ത്രി കുറിച്ചു.
ഒപ്പംകൂടിയ ബിജെപി സംഘത്തിന്റെ അകമ്പടിയിലല്ല, കോഴിക്കോടിന്റെയും കേരളത്തിന്റെയും ഉന്നത ജനാധിപത്യ ബോധത്തിന്റെ തുറസ്സിലാണ് ഇങ്ങനെ നടക്കാനായത്. കോഴിക്കോട് നഗരത്തിലിറങ്ങി നടന്ന് സംഘർഷമുണ്ടാക്കാൻ കഴിഞ്ഞ ദിവസം രാത്രി സർവകലാശാല ഗസ്റ്റ് ഹൗസിൽ ഗവർണറും ബിജെപി നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഢപദ്ധതി കൂടിയാണ് ഇന്ന് പൊളിഞ്ഞതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.