ചിറ്റൂർ > സ്വകാര്യ മൂലധനത്തെയല്ല, ആഗോളവൽക്കരണത്തെയാണ് പാർടി എതിർക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിറ്റൂരിൽ എൻജിഒ യൂണിയൻ വജ്രജൂബിലി കെട്ടിടം (ഏരിയ കമ്മിറ്റി ഓഫീസ്) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബജറ്റിൽ ലോകത്തിന് മാതൃകയായ പല കാര്യങ്ങളുമുണ്ടെന്ന് പറയുന്ന മാധ്യമങ്ങൾ തന്നെ സ്വകാര്യ മേഖലയ്‌ക്ക് ഊന്നൽ നൽകിയെന്ന പ്രചാരണം നടത്തുന്നു. സ്വകാര്യ മൂലധനത്തെ മുൻകാലങ്ങളിൽ എതിർത്തിട്ടുമില്ല, ഇനി എതിർക്കുകയുമില്ല. കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന ഭരണവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. മുതലാളിത്ത സമൂഹമാണ്, സോഷ്യലിസ്‌റ്റ് സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ട.
സ്വകാര്യ മേഖലയ്‌ക്ക് എതിരായിട്ടല്ല പാർടി സമരം നടത്തിയത്. ഇ എം എസിന്റെ കാലം മുതൽ സ്വകാര്യമേഖലയുണ്ട്. വിദ്യാഭ്യാസ മേഖലയിലും വിവിധ തലങ്ങളിലും സ്വകാര്യ മേഖലയുണ്ട്. കോർപറേറ്റ് മാനേജ്‌മെന്റിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന ഭരണ വ്യവസ്ഥയാണ് ഇന്ത്യയിലേത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 67,000 കോടി രൂപയാണ് തരാനുള്ളത്. ഈ സാഹചര്യം മറികടന്ന് വികസന പ്രവർത്തനങ്ങൾ നടത്തണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്‌ബി വഴി വികസനം നടപ്പാക്കാനായി. ഇപ്പോൾ ടൂറിസം, വ്യവസായ, സേവന, വിദ്യാഭ്യാസ മേഖലകളിലൊക്കെ സ്വകാര്യ നിക്ഷേപം വേണം. സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും നിക്ഷേപമാവാം. നാട്ടിൽത്തന്നെ നിരവധി നിക്ഷേപകരുണ്ട്. സഹകരണ മേഖല, പൊതുമേഖല, വ്യക്തികൾ, കമ്പനികൾ തുടങ്ങിയവ വികസനത്തിന് ഉപയോഗപ്പെടുത്താം. അങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. മുതലാളിത്ത സമൂഹത്തിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്രം വിഹിതം നൽകാതെ അവഗണിക്കുമ്പോൾ പുതിയ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുകയേ വഴിയുള്ളൂ. ഇവിടെ മെച്ചപ്പെട്ട രീതിയിൽ ജീവിക്കാനാവണം. സർവതല സ്‌പർശിയായാണ് ബജറ്റാണ് അവതരിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുകയെന്നതാണ് സർക്കാർ നയം. പുതിയ നയം സംഘടനകളുമായി ചർച്ച ചെയ്‌ത് കണ്ടെത്തും – എം വി ഗോവിന്ദൻ പറഞ്ഞു.