കൊച്ചി: സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ നടൻ ടോവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്.കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും, ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഈ ചിത്രം അവതരിപ്പിക്കുന്നു. സാധാരണക്കാരനായ ബസ് കൺഡക്ടർ സജീവന്റെയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്, ഇതിന്റെ രസകരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ആണ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ , എന്നിവർ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടിൽ,അൽഫി പഞ്ഞിക്കാരൻ സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ജക്സൻ ആന്റണിയുടേതാണ് കഥ.