ഭോപാൽ: പ്രശസ്ത ബോളിവുഡ് താരം ഹേമമാലിനിയെ കുറിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെ വെട്ടിലായി ബി.ജെ.പി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര. തന്‍റെ നിയോജകമണ്ഡലത്തിനായി ഹേമ മാലിനിയെ ചെയ്യിച്ചുവെന്ന പരാമർശമാണ് വിവാദമായത്. പരാമർശത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരായ വിമർശനം ശക്തമാകുകയാണ്.
തന്‍റെ മണ്ഡലമായ ദാതിയയിൽ താൻ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചും സാംസ്കാരിക പരിപാടികളെ കുറിച്ചും സംസാരിക്കുന്നതിനിടെയായിരുന്നു ഹേമ മാലിനിയെ നൃത്തം ചെയ്യിച്ചുവെന്ന് മന്ത്രി പറഞ്ഞത്. “സാംസ്‌കാരിക പരിപാടികൾ മാത്രമല്ല സംഘടിപ്പിച്ചത്, ഹേമമാലിനിയെ വരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചു. അത്രയധികം വികസനം ദാതിയയില്‍ കൊണ്ടുവന്നു.” എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമർശനവുമായി കോൺഗ്രസും ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. സ്വന്തം പാർട്ടിയുടെ എംപിയെപ്പോലും നരോത്തം മിശ്ര വെറുതെവിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജ് സിങ്ങിന്‍റെ വിമര്‍ശനം. സംസ്കാരികളായ ബി.ജെ.പിയുടെ ശരിയായ മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാം തവണയാണ് നരോത്തം മിശ്ര ദാതിയയിൽ നിന്ന് മത്സരിക്കുന്നത്. 2008, 2013, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിശ്ര ദാതിയയിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.
തന്‍റെ മണ്ഡലത്തിലെ റോഡുകൾ ഹേമാമാലിനിയുടെ കവിൾ പോലെയാക്കുമെന്ന് പറഞ്ഞ് നേരത്തെ മറ്റൊരു ബി.ജെ.പി നേതാവ് വിവാദത്തിൽപ്പെട്ടിരുന്നു.