പാലക്കാട് : അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. മധു വധക്കേസിൽ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാനാണ് അഗളി പൊലീസിന്റെ പിടിയിലായത്. മധുവിന്റെ അമ്മയും സഹോദരിയും നല്കിയ പരാതിയിലാണ് നടപടി. വൈദ്യശാലയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
അതിനിടെ, മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. ഇതുവരെ വിസ്തരിച്ച 24 സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. രണ്ടു പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയത്. ഒന്നു മുതൽ ഒൻപതു വരെയുള്ള സാക്ഷികൾ ഇൻക്വസ്റ്റ് സാക്ഷികളാണ്. ഇതിൽ ഒന്നാം സാക്ഷി വെള്ളിങ്കിരിയെ മാത്രമേ വിസ്തരിച്ചിരുന്നുള്ളൂ.
സാക്ഷികൾ കൂട്ടത്തോടെ കൂറു മാറുന്ന സാഹചര്യത്തിലാണു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തു വന്നത്. വിറ്റ്നസ് പ്രൊട്ടക്ഷൻ സമിതിയുടെ നിർദേശം വന്നിട്ടും സാക്ഷികൾ കൂറുമാറുന്ന സാഹചര്യമാണുണ്ടായത്.
2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. ആകെ 122 സാക്ഷികളും. മണ്ണാര്‍ക്കാട് പട്ടികജാതി–പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്.