മാവേലിക്കര> ഭയപ്പെടുത്തി മനുഷ്യരെ ഇല്ലാതാക്കുന്നവർ രാജ്യം ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കലാകാര വികസന ക്ഷേമനിധി ബോർഡ് ചെയർമാനും ചലച്ചിത്ര സംവിധായകനുമായ മധുപാൽ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശാഭിമാനി സ്‌റ്റഡി സർക്കിൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. എരുമേലി പരമേശ്വരൻപിള്ളയുടെ 10–-ാം ചരമവാർഷികത്തിൽ ചെട്ടികുളങ്ങര വ്യാപാരഭവനിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെന്റിനെ രാജകീയസഭയാക്കുകയാണ്. സത്യം പറയുന്നവന്റെ നാവരിഞ്ഞ് അവനെ ഇല്ലാതാക്കുകയാണ്. നമ്മൾ നമ്മളെത്തന്നെ ഒറ്റുകൊടുക്കരുത്. മനുഷ്യരായി ജീവിക്കുന്നവരെല്ലാം ഈ ഏകാധിപത്യത്തെ എതിർക്കണം. ഗാന്ധിജിക്ക് പകരം ഗോഡ്‌സേയെ പ്രതിഷ്‌ഠിക്കുന്ന കാലത്ത് ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തിനെതിരെ മുന്നേറണമെന്നും മധുപാൽ പറഞ്ഞു. കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി വിശ്വൻപടനിലം മുഖ്യപ്രഭാഷണം നടത്തി.
ജയദേവ് പാറക്കാട്ട് അധ്യക്ഷനായി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരകുറുപ്പ്, അഡ്വ. എ ശ്രീപ്രിയ, അലിയാർ എം മാക്കിയിൽ, പ്രൊഫ. ടി എ സുധാകരക്കുറുപ്പ്, ഗോപി ബുധനൂർ, ആർ ശ്രീനാഥ്, കെ മോഹനൻ ഉണ്ണിത്താൻ, ജി സോമശർമ, ഗോപകുമാർ വാത്തികുളം എന്നിവർ സംസാരിച്ചു.