തിരുവനന്തപുരം: മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിൻ്റെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി. രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സി ഗാന്ധിദർശൻ സമിതി പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ “മഹാത്മജിയുടെ ആത്മകഥ” നരേന്ദ്ര മോഡിക്ക് അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ കാലം മുതൽക്കു തന്നെ ലോകാരാധ്യനായി മാറിയ മഹാത്മജിയെ പഠിക്കാൻ ആർ.എസ്.എസ് ശാഖയിൽ നിന്ന് മാത്രം ശിക്ഷണം നേടിയ നരേന്ദ്ര മോഡി എന്ന ആർ.എസ്.എസ് കാരന് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശം കൊണ്ട് ലോകജനത മനസിലാക്കുന്നത്.
ഭാരതത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന അദ്ദേഹം ഇതു വഴി ഭാരതീയരെ ഒന്നടങ്കം അപമാനിക്കുകയാണ് ചെയ്തത്.എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ ഇനിയെങ്കിലും നരേന്ദ്ര മോഡി പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മഹാത്മജിയുടെ ആത്മകഥ അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
പരിപാടിയിൽ ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷതവ ഹിച്ചു. ഡി.സി.സി പ്രസിഡൻ് പാലോട് രവി,കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ,സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,നദീറാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.