തൃശൂര്‍: ചെറുവാഹനങ്ങള്‍ക്ക് സ്വരാജ് റൗണ്ടില്‍ പ്രത്യേക ട്രാക്ക് അനുവദിക്കണമെന്നും ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും ടൂ വീലര്‍ യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം. അടുത്തകാലം വരെ തൃശൂര്‍ റൗണ്ടിലെ മൂന്നു ട്രാക്കുകളില്‍ തേക്കിന്‍കാടു മൈതാനത്തോട് ചേര്‍ന്ന ട്രാക്ക് ചെറു വാഹനങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരുന്നു. ആ ട്രാക്ക് ഇല്ലാതാക്കിയെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
വലിയ വാഹനങ്ങളുടെ തള്ളിക്കയറ്റം ചെറു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും എന്നും ഭീഷണിയാണ്.ഇതു മൂലം പല അപകടങ്ങളും റൗണ്ടില്‍ ഉണ്ടായിട്ടുണ്ട്. നായ്ക്കനാലില്‍ സിഗ്നല്‍ കണ്ടു നിർത്തിയ സ്‌കൂട്ടറിനു പുറകില്‍ ഒരു ബസ് ഇടിച്ചു കയറി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ട്. രണ്ടു മാസം മുന്‍പാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഒരു വിദ്യാര്‍ഥിനി തൃശൂര്‍ റൗണ്ടില്‍ ബസ് കയറി കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലും ഒരു സ്ത്രീ തൃശൂര്‍ റൗണ്ടില്‍ ബസ് കയറി കൊല്ലപ്പെട്ടെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയും പടിഞ്ഞാറെ കോട്ടയില്‍ ഒരു സ്വകാര്യ ബസ് ഒരു നാല്‍പ്പത്തിയൊന്നുകാരന്റെ ജീവനെടുത്തു. പല ബസുകളും തികച്ചും അശ്രദ്ധമായാണ് നഗരത്തില്‍ പാഞ്ഞു പോകുന്നത്. നിരവധി ക്യാമറകള്‍ ഉണ്ടായിട്ടും പൊലീസ് വാഹനങ്ങള്‍ സദാസമയം ചീറിപ്പാഞ്ഞിട്ടും അപകടങ്ങള്‍ കുറയുന്നില്ല. തൃശൂര്‍ റൗണ്ടില്‍ ചെറുവാഹനങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രത്യേക ട്രാക്ക് ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് മേയറടക്കമുള്ള അധികാരികള്‍ പല തവണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനാല്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് മുന്‍പ് റൗണ്ടില്‍ ചെറു വാഹനങ്ങള്‍ക്ക് പ്രത്യേക ട്രാക്ക് അനുവദിക്കണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ ജെയിംസ് മുട്ടിക്കല്‍ ആവശ്യപ്പെട്ടു.