പാലക്കാട്: എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ഇപ്പോഴുള്ള ഏത് കേന്ദ്രസർക്കാർ അന്വേഷണവും നിഷ്പക്ഷമാവാറില്ല. ന്യായവും നീതിയും ഇല്ലാത്ത നടപടികളാണ് കേന്ദ്രത്തിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കണ്ണോടെ എതിരാളികളെ നിർവീര്യമാക്കാൻ നോക്കുകയാണ് കേന്ദ്രസർക്കാറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.ടി ഒരു കാര്യം പറയുമ്പോൾ അത് ഏതെങ്കിലും വ്യക്തിയെ ഊന്നിക്കൊണ്ടാണെന്ന് കരുതുന്നില്ലെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എം.ടിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. അദ്ദേഹം പറയുന്നതിൽ ഉൾക്കൊള്ളേണ്ട കാര്യമുണ്ടെങ്കിൽ ഉൾക്കൊള്ളും. കമ്യൂണിസ്റ്റ് പാർട്ടി എം.ടിയെ കണുന്നത് മഹാനായ എഴുത്തുകാരനായിട്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൂട്ടുകച്ചവടമായതിനാൽ അന്വേഷണത്തിന്‍റെ അവസാനം എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല -വി.ഡി. സതീശൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാ ലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ, എല്ലാവരും ചേർന്നുള്ള കൂട്ടുകച്ചവടമായതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്‍റെ അവസാനം എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് തൃശൂർ സീറ്റ് ജയിക്കാനുള്ള സെറ്റിൽമെന്‍റിന്‍റെ ഭാഗമായി കരുവന്നൂരിലെ ഇ.ഡി അന്വേഷണം ഇഴയുകയാണ്. ലാവലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിൽ സി.പി.എം സംഘ്പരിവാറുമായി ഉണ്ടാക്കിയ ധാരണ മാസപ്പടി കേസിലും ഉണ്ടാകാം. സി.പി.എം നേതാക്കൾ ആരും മാസപ്പടി അന്വേഷണത്തോട് പ്രതികരിക്കുന്നില്ല. പൊതുമരാമത്ത് മന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. അദ്ദേഹം നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണ് -വി.ഡി. സതീശൻ കുറ്റപ്പെടുത്തി.