കോഴിക്കോട് : മലബാർ ക്രിസ്ത്യന്‍ ഹയർ സെക്കന്ഡറി സ്‌കൂളിൽ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളിൽ നിന്നും കണ്ടാൽ അറിയുന്നവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ കേസെടുത്തിരുന്നു.സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെയാണ് വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ അഭ്യാസപ്രകടനം നടത്തിയത്. വേഗത്തിൽ വന്നിരുന്ന കാർ വിദ്യാർത്ഥികൾ തന്നെ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്നാണ് ദൃശ്യങ്ങളിൽ കണ്ടാൽ അറിയാവുന്നവർക്കെതിരെ കേസെടുത്തത്. വാഹനം ഓടിച്ച വിദ്യാർത്ഥികളിൽ ലൈസെൻസ് ഉള്ളവരും ഇല്ലാത്തവരും ഉള്ളതായി കണ്ടെത്തി.
അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ വ്യക്തമാക്കി. അതിരുവിട്ട ആഘോഷം സ്കൂൾ മൈതാനത്ത് നടന്നിട്ടും സ്കൂൾ അധികൃതർ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികൾ നിയന്ത്രിക്കാന്‍ അധികൃതർ ഇനിയെങ്കിലും കർശനമായി ഇടപെടണമെന്നും കോഴിക്കോട് ആർടിഒ പി ആർ സുമേഷ് പറഞ്ഞു.