പാലക്കാട് : 40 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നു. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി. കരസേനാ സംഘത്തിന് യുവാവുമായി സംസാരിക്കാന്‍ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലായെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് നിലവില്‍ മലമുകളിലുള്ളത്. ഏതാനും പ്രദേശവാസികളും പര്‍വതാരോഹണ വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ട്. യുവാവിന് ഭക്ഷണവും വെള്ളവും മെഡിക്കല്‍ സൗകര്യവും എത്തിക്കാനാണ് ആദ്യ ശ്രമം. നേരം പുലര്‍ന്നാലുടന്‍ മലയിടുക്കില്‍ നിന്നു യുവാവിനെ പുറത്തെത്തിക്കാനാണ് നീക്കം.
ആധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങള്‍ ഇന്നലെ രാത്രി സ്ഥലത്തെത്തിയത്. പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍നിന്നുമാണ് എത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ഇന്നു രാവിലെ നടക്കും. സഹായിക്കാന്‍ പോലീസിന്റെ ആന്റി ടെററിസ്റ്റ് ടീം മലപ്പുറത്തുനിന്ന് രാത്രി എത്തി.
തിങ്കളാഴ്ച രാത്രി തന്നെ വനം, പോലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നില്ല. ഇന്നലെ രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ടി വന്നു. ഡ്രോണില്‍ ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
അപകടം ഇങ്ങനെ
ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി.അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങി. വീഴ്ചയില്‍ കാലിനു പരുക്കേറ്റു.
അപകടശേഷം
കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ബാബു തന്നെ താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്കും പോലീസിനും അയച്ചു. അഗ്‌നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാത്രി മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ് തെളിച്ചും രാവിലെ ഷര്‍ട്ടുയര്‍ത്തിയും രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാന്‍ ശ്രമിച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞു.












