തൃശൂർ > മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ (90) അന്തരിച്ചു. തൃശൂർ ചേർപ്പ് പെരുവനത്തെ വീട്ടിലായിരുന്നു അന്ത്യം. 1960ൽ ഇന്ത്യൻ എക്‌സ്‌പ്രസിലാണ് പത്രപ്രവർത്തനം ആരംഭിച്ചത്. 1982ൽ തിരുവനന്തപുരത്തു “ദ് വീക്ക്’ വാരികയുടെ കേരള ലേഖകനായി മനോരമയിൽ ചേരുകയായിരുന്നു. പിന്നീട് കൊച്ചിയിൽ ‘ദ് വീക്കി’ന്റെ സീനിയർ എഡിറ്ററായി. തുടർന്ന് മലയാള മനോരമയുടെ റസിഡന്റ് എഡിറ്ററായി.
കെ ആർ ചുമ്മാർ ‘ശ്രീലൻ’ എന്ന പേരിൽ എഴുതിയിരുന്ന ആഴ്‌ചക്കുറിപ്പുകൾ എന്ന ആക്ഷേപഹാസ്യ പംക്‌തി ‘പാർഥൻ’ എന്ന തൂലികാനാമത്തിൽ അരവിന്ദാക്ഷൻ തുടർന്നു. ഭാര്യ: രാധ. മക്കൾ: ജയൻ മേനോൻ (മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് ), രാമചന്ദ്രൻ (സൗദി അറേബ്യ), മിനി. മരുമക്കൾ: അനൂജ, ഡോ. ഗോപീകൃഷ്‌ണൻ വാസുദേവൻ (യുഎസ്), രമ്യ.