ഷാർജ: പാട്ടുപാടാൻ ചിറകനക്കിയ പക്ഷിയുടെ വേദന മനസ്സിലാക്കിയവരാണ് മലയാളി ദമ്പതികളായ നിഹാലും ഫെബിനും. ഷാർജ കോർണിഷിൽ ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയ കടൽകാക്കയെ ഇവർ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. മൃഗസ്നേഹികളായ ആരെങ്കിലുമെത്തിയാൽ കൈമാറാൻ തയാറാണെന്നും ഇവർ പറയുന്നു.
കുടുംബത്തോടൊപ്പം ഷാർജയിൽ സന്ദർശനത്തിനെത്തിയതാണ് വളാഞ്ചേരി സ്വദേശി മുഹമ്മദ് നിഹാലും ഭാര്യ ഫെബിന ഷെറിനും. ഷാർജ അൽഖാൻ ത്രിയിൽ താമസിക്കുന്ന ഇവർ അഞ്ച് ദിവസം മുമ്പ് നടക്കാനിറങ്ങിയപ്പോഴാണ് കോർണിഷിൽ ചിറകൊടിഞ്ഞ നിലയിൽ കടൽകാക്കയെ കാണുന്നത്. ആദ്യ ദിവസം കാര്യമാക്കിയില്ലെങ്കിലും വീണ്ടും ആ വഴിക്ക് പോയപ്പോൾ കടൽകാക്ക അവിടെ തന്നെ കിടക്കുന്നു.
ചികിത്സ നൽകാൻ ആശുപത്രിയെ സമീപിച്ചെങ്കിലും ഏറ്റെടുത്തില്ല. ഇതേത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അവർ പറഞ്ഞു മുനിസിപ്പാലിയിൽ വിവരം അറിയിക്കാൻ. ഇവരെ അറിയിച്ച് കാത്തിരിക്കുകയാണ് നിഹാലും ഫെബിനയും. ആരെങ്കിലും ഏറ്റെടുക്കാൻ വരുന്നതു വരെ തങ്ങളുടെ താമസസ്ഥലത്ത് ഈ പക്ഷിക്കായി കൂടൊരുക്കിയിരിക്കുകയാണ്. ഈ പക്ഷിയുടെ ‘സൈക്കോളജിയും’ ജീവിത രീതിയുമെല്ലാം ഗൂഗ്ളിൽ തിരഞ്ഞ് കണ്ടുപിടിച്ചാണ് ഭക്ഷണം നൽകുന്നത്.
വെള്ളം മാത്രമാണ് കാര്യമായി കൊടുക്കുന്നത്. ചെറുതായി കുബ്ബൂസും മീനും കഴിക്കുന്നുണ്ട്. താറാവിന്റെ ഗണത്തിൽപെട്ടതായതിനാൽ വെള്ളത്തിൽ കഴിയണം. അതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാര്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെങ്കിലും നിലയിൽ കാര്യമായ മാറ്റമുണ്ട്. ചിറകിനടിയിലാണ് പരിക്ക്. ഒന്നുകിൽ വണ്ടി തട്ടിയതോ അല്ലെങ്കിൽ പറക്കുന്നതിനിടെ ആരെങ്കിലും എറിഞ്ഞതോ ആവാം. ശൈത്യകാലത്ത് യു.എ.ഇയിൽ വിരുന്നെത്തുന്ന ദേശാടനപക്ഷിയാണിത്.