ന്യൂഡൽഹി ∙ മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തിൽ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോൺഗ്രസിന്റെ പടപ്പുറപ്പാട്. മധ്യപ്രദേശിലെ ഗ്വാളിയർ – ചമ്പൽ മേഖലയിലാണ് കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങുക. ഈ മാസം 20നു ശേഷം പ്രിയങ്ക ഇവിടെ റാലി നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സിന്ധ്യ മറുകണ്ടം ചാടിയെങ്കിലും മേഖലയിൽ പിടിച്ചുനിൽക്കാനാകുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള 34ൽ 26 സീറ്റ് കോൺഗ്രസ് നേടിയിരുന്നു. ഈ വർഷമവസാനം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 26 സീറ്റ് വരെ നേടാമെന്ന ‘സി വോട്ടർ’ സർവേ ഫലം പാർട്ടിക്ക് ഊർജമായിട്ടുണ്ട്. 2020 ൽ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്കു പോയ രാകേഷ് കുമാർ ഗുപ്ത, ബെയ്ജ്‌നാഥ് സിങ് യാദവ് തുടങ്ങിയ നേതാക്കൾ കോൺഗ്രസിൽ തിരിച്ചെത്തിയതും കരുത്താകും.
മറുവശത്ത്, ബിജെപിയുടെ മുന്നേറ്റം ഉറപ്പാക്കേണ്ടത് സിന്ധ്യയ്ക്ക് അഭിമാനപ്രശ്നമാണ്. സിന്ധ്യയെ ബിജെപി നേതാക്കളും പ്രവർത്തകരും പൂർണമായി ഉൾക്കൊണ്ടിട്ടില്ലെന്ന സൂചനകൾ പ്രകടമാണ്. സിന്ധ്യ അനുകൂലികൾക്ക് സീറ്റ് നൽകുന്നതിനോടു പ്രാദേശിക നേതാക്കളിൽ പലർക്കും എതിർപ്പുണ്ട്. ഇതിനിടെയാണ് പ്രിയങ്ക ഗാന്ധിയെ നേരിട്ട് രംഗത്തിറക്കി കളം പിടിക്കാനുള്ള കോൺഗ്രസ് നീക്കം.
അടുത്ത 50 ദിവസത്തിനുള്ളിൽ മധ്യപ്രദേശിലാകെ 50 റാലികൾ നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രിയങ്കയ്ക്കു പുറമെ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെയും രംഗത്തിറക്കും. ഇത്തവണ ബിജെപിയിൽനിന്ന് മധ്യപ്രദേശ് പിടിച്ചെടുക്കാൻ എല്ലാ സാഹചര്യങ്ങളുമുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കം സജീവമാക്കുന്നതിനുള്ള നടപടികൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, അജയ് സിങ് രാഹുൽ, സംസ്ഥാനത്തിന്റെ ചുതലയുള്ള ജെ.പി. അഗർവാൾ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.