മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തിൽ 12 പേർ അറസ്റ്റിലായി. കോട്ടക്കൽ സ്വദേശി മുജീബ് റഹ്മാനെയാണ് കഴിഞ്ഞ ദിവസം തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തുണിക്കടയുടെ ഗോഡൗണിലേക്ക് തട്ടിക്കൊണ്ടു വന്ന് മർദ്ദനത്തിന് ഇരയാക്കിയവരാണ് പിടിയിലായത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ പണം തിരികെ ലഭിക്കാനായിരുന്നു മർദ്ദനം. ഇതിന്റെ മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ടെക്സറ്റയിൽസ് ഉടമ ഉൾപ്പെടെ 13 പേർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്പാട് ടൗണിലെ സുലു ടെക്സ്റ്റയിൽസിന്റെ ഒന്നാം നിലയിലെ ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
കിഴിശ്ശേരിയിൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന മുജീബ്, ഭാര്യ രഹ്നയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം. ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു മുജീബ്. തുടർന്ന് മഞ്ചേരി നിലമ്പൂർ മേഖലകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾ ഇൻഡസ്ട്രിയൽ പ്രവൃത്തിക്കായി കമ്പിവാങ്ങിയ കടയിൽ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു.
തിരിച്ചു തരാമെന്നു പറഞ്ഞ കാലാവധി കഴിഞ്ഞതിനുശേഷം, പണം കിട്ടാതെ വന്നതിനെ തുടർന്ന് കടയുടമ മുജീബിന്റെ ഭാര്യ രഹ്നയുടെ വീട്ടിൽ വന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം മുജീബ് ഭാര്യ വീടുമായി ബന്ധം പുലർത്തിയിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാർ മുജീബിന്റെ ഭാര്യയുടെ ഫോണിലേക്ക് മുജീബിന്റെ കൈകൾ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം വാട്‌സാപ്പ് വഴി അയച്ചു നൽകി മുജീബിനെ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. രണ്ട് ദിവസം ഇവരുടെ കസ്റ്റഡിയിൽ വെച്ചതിനു ശേഷം പോലീസിൽ ഏൽപ്പിക്കാനാണ് തീരുമാനമെന്ന് ഇവർ ഭാര്യ വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടയിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ദുരൂഹമരണമായതിനാൽ പോലീസ് കേസെടുത്തു. സംഘം ചേർന്ന് തട്ടിക്കൊണ്ട് പോകൽ, അന്യായമായി തടങ്കലിൽ വെക്കൽ, മർദ്ദിച്ച് പരിക്കേൽപ്പിക്കൽ, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.