വിഷു ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരൊക്കെ ആരാധകര്‍ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് പലരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അതേസമയം തിയറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ലാത്ത ഒരു വിഷു സീസണുമാണ് ഇത്തവണത്തേത്. റംസാന്‍ നോമ്പ് കാലം കൂടി ആയതാണ് പുതിയ മലയാളം റിലീസുകള്‍ എത്താതിരിക്കാനുള്ള ഒരു കാരണം. അതേസമയം മൂന്ന് ഇതരഭാഷാ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളില്‍ പ്രേക്ഷകരെ കൂട്ടുകയുമാണ്. എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍ ആണ് ഇക്കൂട്ടത്തില്‍ ആദ്യമെത്തിയത്. മാര്‍ച്ച് 25 ന് തിയറ്ററുകളില്‍ എത്തിയ ഈ ചിത്രം ഇന്ത്യന്‍ ചിത്രങ്ങള്‍ എക്കാലത്തും നേടുന്ന മൂന്നാമത്തെ സാമ്പത്തിക വിജയവുമാണ്.
1000 കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ചിട്ടുണ്ട് ചിത്രം. വിഷുവിനോട് അടുത്ത ദിനങ്ങളില്‍ എത്തിയ മറ്റു രണ്ട് മറുഭാഷാ റിലീസുകള്‍ തമിഴില്‍ നിന്നും കന്നഡത്തില്‍ നിന്നുമാണ്. തമിഴില്‍ നിന്ന് വിജയ് നായകനായ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ബീസ്റ്റ്, കന്നഡത്തില്‍ നിന്ന് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 എന്നിവയാണ് ഈ ചിത്രങ്ങള്‍. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയവയായിരുന്നു ഈ രണ്ട് ചിത്രങ്ങളും. എന്നാല്‍ രണ്ടു തരം അഭിപ്രായങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ബീസ്റ്റിന് സമ്മിശ്ര അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ കെജിഎഫ 2ന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മറ്റൊരു അത്ഭുതം സൃഷ്ടിക്കാന്‍ ഈ കന്നഡ ചിത്രത്തിന് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.