ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും മമ്മൂട്ടി തയാറല്ല. ഭക്ഷണ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്താറുണ്ട്. ഷൂട്ടിങ് സെറ്റിലാണെങ്കിൽ പോലും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് മെഗാസ്റ്റാർ കഴിക്കാറുള്ളത്. മമ്മൂട്ടിയുടെ ചിട്ടയായ ഭക്ഷണശൈലിയെ കുറിച്ച് സഹതാരങ്ങൾ പോലും വാചാലരാവാറുണ്ട്.ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ ശൈലിയെ കുറിച്ച് പേഴ്സണൽ ഷെഫ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വളരെ കൃത്യമായ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് മമ്മൂട്ടിയെന്നാണ് ഷെഫ് പറയുന്നത്.
‘ഓട്‌സ്, പപ്പായ, മുട്ടയുടെ വെളള, തലേദിവസം വെളളത്തിൽ കുതിർത്ത ബദാം എന്നിവയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഉച്ചക്ക് ചോറിന് പകരം ഓട്സിന്റെ പുട്ടാണ് കഴിക്കുന്നത്. തേങ്ങ അരച്ച മീൻകറി, വറുത്ത ഭക്ഷണ സാധനങ്ങളൊന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കരിമീൻ, കണമ്പ്, തിരുത, കൊഴുവ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട മീൻ വിഭവങ്ങൾ. കൂടാതെ കുരുമുളക് പൊടി ചേർത്ത വെജിറ്റബിൾ സാലഡും മെനുവിലുണ്ട്.
വൈകീട്ട് അദ്ദേഹം അധികം ഭക്ഷണം കഴിക്കാറില്ല. കട്ടൻ ചായ കുടിക്കും. ഗോതമ്പിന്റേയോ ഓട്സിന്റേയോ ദോശയാണ് രാത്രി ഭക്ഷണം. അതും മൂന്ന് എണ്ണത്തിൽ കൂടുതൽ കഴിക്കില്ല. ദോശയ്‌ക്കൊപ്പം മസാല ചേർക്കാത്ത തേങ്ങാപ്പാൽ ഒഴിച്ച നാടൻ ചിക്കൻ കറിയാണ് കഴിക്കാറുളളത്. അത് ഇല്ലെങ്കിൽ ചട്ണി മതി. അതിനുശേഷം അദ്ദേഹം കൂൺ സൂപ്പ് കഴിച്ച് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കും’- ഷെഫ് വെളിപ്പെടുത്തി.