ദുബായ്: മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്ന് മംമ്ത പറയുന്നു. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് മംമ്ത പറയുന്നു.
നടി പ്രിയ വാര്യരും ഈ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങൾ ലഹരി അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉറക്കമില്ലായ്മ, ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്‌നമെന്ന് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പ്രിയ പറഞ്ഞു. സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. സിനിമ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് ‘ലൈവ്’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.