ഷാര്‍ജ: സി.ഐ.ഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഷാര്‍ജ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വെച്ചാണ് 32 വയസുകാരന്‍ പൊലീസിന്റെ പിടിയിലായത്. അജ്ഞാതനായ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആളുകളില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്‍ടിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ആദ്യം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അഹ്‍മദ് അബൂ അല്‍ സൌദ് പറഞ്ഞു.
തട്ടിപ്പ് നടത്തുന്ന വ്യാജ സി.ഐ.ഡിയെ കണ്ടെത്താനായി സി.ഐ.ഡി ഓഫീസര്‍മാരുടെ പ്രത്യേക സംഘത്തിന് പൊലീസ് രൂപം നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിയുകയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്‍തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. വഴിലൂടെ പോകുന്നവരെ തടഞ്ഞുനിര്‍ത്തി താന്‍ സി.ഐ.ഡി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും അവരില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് കേണല്‍ അബു അല്‍ സൌദ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തുന്ന ആളുകള്‍ പറയുന്നത് അന്ധമായി അനുസരിക്കുന്നതിന് പകരം അവരോട് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെടണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പണം എടുക്കാനായി ആരുടെയും പേഴ്‍സ് കാണിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സംരക്ഷണമാണ് ഷാര്‍ജ പൊലീസിന്റെ ലക്ഷ്യം. പൊതുജനങ്ങള്‍ പൊലീസുമായി സഹകരിക്കുകയും എന്തെങ്കിലും തരത്തിലുള്ള സംശയമോ ഭീഷണിയോ മോഷണമോ നടന്നാല്‍ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.