പാലക്കാട്: പാൽ വണ്ടിയിൽ രഹസ്യ അറയിൽ കടത്തുകയായിരുന്ന വിദേശമദ്യവും വാടകവീട്ടിൽ സൂക്ഷിച്ചുവെച്ച ഇതര സംസ്ഥാന മദ്യവും പിടികൂടി. പാലക്കാട് അഗളി എക്സൈസ് റേഞ്ച് ഓഫീസർമാരാണ് മണ്ണാർക്കാട് നിന്ന് പാല് കയറ്റിവന്ന ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യം പിടികൂടിയത്. മണ്ണാർക്കാട് സ്വദേശിയായ രാജേഷ്( 34 വയസ് )എന്നയാളെ അറസ്റ്റ് ചെയ്തു .മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ വാഹനവും പിടിച്ചെടുത്തു.
അഗളി റേഞ്ച് പാർട്ടി പ്ലാമരം, നരസിമുക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മദ്യക്കടത്ത് പിടികൂടിയത്. ഓട്ടോറിക്ഷയിൽ രഹസ്യ അറ ഉണ്ടാക്കി പാൽ അതിന് അകത്ത് വെച്ചാണ് മദ്യം കടത്തിയിരുന്നത്. എക്സൈസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന അന്യ സംസ്ഥാന മദ്യവും പിടികൂടിയത്. നരസിമുക്ക് ജംഗ്ഷനിൽ രാഹുൽഗാന്ധി നിവാസിൽ ബാലസുബ്രഹ്മണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇതര സംസ്ഥാന മദ്യം പിടികൂടിയത്.
പാലക്കാട് രഹസ്യാന്വേഷണ റിപ്പോർട്ട് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. മലപ്പുറം ഭാഗത്തു നിന്ന് കൊണ്ടുവന്ന് അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി സൂക്ഷിച്ചുവെച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യമാണ് പിടികൂടിയത്. ഈ വീട് മാസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശികൾക്ക് വാടകയ്ക്ക് കൊടുത്തുവെന്നാണ് ഉടമസ്ഥനായ ബാലസുബ്രഹ്മണ്യൻ പറയുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഡൊമനിക്ക് റസാഖ് പൊക്കത്ത് എന്നിവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. രണ്ടുപേരും ഒളിവിലാണ്.