ദില്ലി : ഛത്തീസ്ഗഢിൽ മകളുടെ മൃതദേഹവും ചുമന്ന് ഒരു പിതാവ് സ്വന്തം വീട്ടിലേക്ക് നടന്നത് 10 കിലോമീറ്റർ. ഈ വേദനാജനകമായ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. ലഖൻപുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നാണ് തന്റെ മകളുടെ ചേതനയറ്റ ശരീരവുമായി ആ പിതാവിന് നടക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സുർഗുജ ജില്ലയിൽ നിന്നുമുള്ള ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
വീഡിയോ വലിയ തോതിൽ ചർച്ചയായതോടെ ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. അംദാല ഗ്രാമം സ്വദേശിയായ ഈശ്വർ ദാസ് രോഗബാധിതയായ മകൾ സുരേഖയെ രാവിലെയാണ് ലഖൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുവന്നത്. “പെൺകുട്ടിയുടെ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൾക്ക് കടുത്ത പനി ഉണ്ടായിരുന്നു. ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും അവളുടെ നില വഷളാവുകയും രാവിലെ 7:30 ഓടെ മരിക്കുകയും ചെയ്തു” ആരോഗ്യ കേന്ദ്രത്തിലെ റൂറൽ മെഡിക്കൽ അസിസ്റ്റന്റ് ഡോ. വിനോദ് ഭാർഗവ് പറഞ്ഞു.
“ഒരു ശവപ്പെട്ടി ഉടൻ എത്തുമെന്ന് ഞങ്ങൾ കുടുംബാംഗങ്ങളോട് പറഞ്ഞു. അത് രാവിലെ 9:20 ഓടെ എത്തി. പക്ഷേ അപ്പോഴേക്കും അവർ മൃതദേഹവുമായി പോയി” എന്നും ഡോ. വിനോദ് കൂട്ടിച്ചേർത്തു. മൃതദേഹം തോളിലേറ്റി നടക്കുന്ന പിതാവിനെ വീഡിയോയിൽ കാണാം. 10 കിലോമീറ്ററോളം നടന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. “ഞാൻ വീഡിയോ കണ്ടു, അത് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഞാൻ സിഎംഎച്ച്ഒയോട് പറഞ്ഞിട്ടുണ്ട്. അവിടെ നിയമിച്ചിട്ടും അവരുടെ ചുമതല നിർവഹിക്കാൻ കഴിയാത്തവരെ നീക്കം ചെയ്യണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്” മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.