പത്തനംതിട്ട: മല്ലപ്പുഴശേരിയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി. പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു ഫ്രിഡ്ജ് എടുത്തു കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കേസില്‍ അച്ഛനെയും മകനെയും ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു.
മല്ലപ്പുഴശേരി കുഴിക്കാല സ്വദേശി റെനില്‍ ഡേവിഡാണ് മരിച്ചത്. കുടുംബ വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവ് കിണറ്റില്‍ ചാടിയെന്നായിരുന്നു പൊലീസിനു ലഭിച്ച ആദ്യം വിവരം. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കാലില്‍ കയറുകൊണ്ടുള്ള കെട്ടുണ്ടായിരുന്നു. ശരീരത്തില്‍ മുറിവുകളും. സമീപത്ത് താമസിച്ചിരുന്നു റെനിലിന്റെ അമ്മയുടെ സഹോദരന്‍ മാത്യൂസ് തോമസിന്റെയും മകന്‍ റോബിൻ തോമസിന്റെയും മൊഴിയെടുക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കൊല്ലപ്പെട്ട റെനില്‍ ചെങ്ങന്നൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം മുതല്‍ വിദേശത്തുള്ള സഹോദരന്റെ കുഴിക്കാലയിലെ വീട്ടില്‍ ഒറ്റയ്ക്കു താമസം തുടങ്ങി. കൂലിപ്പണി ചെയ്തായിരുന്നു ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇടയ‌്ക്ക് അക്രമാസക്തനാകുമായിരുന്ന റെനില്‍ ബന്ധു വീടുകളില്‍ നിന്ന് സാധനങ്ങൾ എടുത്തു കൊണ്ടു പോയി വില്‍ക്കുമായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.