ജയ്പൂർ: രാജസ്ഥാനിൽ ഭാര്യയെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും സഹോദരനും അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ദിവസം അഴുകിയ നിലയിലുള്ള മൃതദേഹം റെയിൽവേ കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനാലിൽ ഒഴുകിനടക്കുന്നത് കണ്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ജൂലൈ 31നായിരുന്നു ഷാലു മഹാവാർ എന്ന യുവതിയെ ഭർത്താവും സംഘവും കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നാലെ സംഘം യുവതിയുടെ മൃതശരീരം കുഴികുത്തി മറവ് ചെയ്യുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയപ്പോൾ ദുർഗന്ധം വമിച്ചതോടെയാണ് മൃതദേഹം കനലിൽ ഉപേക്ഷിച്ചത്. ഓടയിൽ മൃതദേഹം ഒഴുകിനടക്കുന്നുണ്ട് എന്ന കാര്യം നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തപ്പോഴേക്കും അഴുകി തുടങ്ങിയിരുന്നു. ഷാലുവിന്‍റെ കയ്യിലുണ്ടായിരുന്നു ബുദ്ധന്‍റെ ടാറ്റൂ മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. ബണ്ടിയെ മൃതദേഹം തിരിച്ചറിയാൻ വിളിച്ചെങ്കിലും അത് തന്‍റെ ഭാര്യയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഷാലുവിന്‍റെ സഹോദരി ജ്യോതി എത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെ പൊലീസ് ഭർത്താവിനെ ചോദ്യം ചെയ്യാൻ വിളിക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.ഇരുവരും 2021 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഷാലു കുടുംബകോടതിയിൽ ജീവനാംശം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നതായും ബണ്ടി പൊലീസിന് മൊഴി നൽകി. ജൂലൈ 31ന് ഒന്നര ലക്ഷം രൂപ ജീവനാംശം നൽകണമെന്നായിരുന്നു കോടതി വിധി. ഇതോടെയാണ് ബണ്ടി പിതാവിന്‍റെയും സഹോദരന്‍റെയും സഹായത്തോടെ ഷാലുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഷാലുവിനെ സംഘം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഷാലുവിനെ കാണ്മാനില്ലെന്ന് ഇയാൾ കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ ഭർത്താവ് ബണ്ടി മഹാവാറിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരും പൊലീസ് കസ്റ്റഡിയിലാണ്.