ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മോഷണക്കുറ്റമാരോപിച്ചാണ് 35കാരനായ യുവാവിനെ തല്ലിക്കൊന്നത്. കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്തി കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 10.15ഓടെ മാമു ബഞ്ജ പ്രദേശത്താണ് യുവാവിന് മർദനമേറ്റത്. മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗാന്ധിപാർക്ക് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സാധ്യത ഉടലെടുത്തിരുന്നു. നഗരത്തിലെ പഴയ റെയിൽവേ സ്റ്റേഷന് സമീപം ഹിന്ദുക്കളും മുസ്‍ലിംകളും സംഘടിച്ചെത്തിയതോടെയാണ് സംഘർഷ സാധ്യതയുണ്ടായത്. അക്രമിക്കപ്പെടുമെന്ന ഭീതിമൂലം പ്രദേശത്തെ ചില കടകൾ അടഞ്ഞു കിടന്നു.
അതേസമയം, സംഘർഷസാധ്യതയുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അലിഗഢ് ഐ.ജി ഷലാഭ് മാതുർ പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കേസിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പേരറിയുന്ന 10 പേർക്കെതിരെയും പേരറിയാത്ത മറ്റ് നിരവധി പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവാവിന് മർദനമേറ്റുവെന്ന വിവരം പൊലീസിന് ലഭിച്ചത്. മുഹമ്മദ് ഫരീദ് ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപിച്ച് ഇയാളെ ക്രൂരമായി മർദിച്ചതിന് ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.
നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഔറംഗസേബ് കള്ളനാണെങ്കിൽ അയാളെ പൊലീസിന് കൈമാറുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും സമാജ്വാദി പാർട്ടി നേതാവ് അജു ഇഷാഖ് പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണെന്നും നിരപരാധിയായ ആരും ശിക്ഷിക്കപ്പെടരുതെന്നും ബി.ജെ.പിയും പറഞ്ഞു.