ഓരോ ദിവസവും എത്രമാത്രം വിചിത്രമായ കാര്യങ്ങളാണ് നാം കേൾക്കുന്നത് അല്ലേ? അതുപോലെ തികച്ചും വിശ്വസിക്കാൻ പ്രയാസം തോന്നുന്നതായ ഒരനുഭവമാണ് ലണ്ടനിൽ നിന്നുള്ള ഡെറക് എന്ന വ്യക്തി പങ്കുവച്ചത്. ഗോസ്റ്റ് ഹാൻസ് പോഡ്‌കാസ്റ്റി (Ghost Hans Podcast)-നോടാണ് ഇയാൾ തന്റെ അനുഭവം പങ്കുവച്ചത്. മരിച്ചുപോയ തന്റെ ഭാര്യ തന്നോട് ഡേറ്റിംഗ് ആപ്പിൽ ചാറ്റ് ചെയ്തു എന്നാണ് ഇയാൾ പറയുന്നത്.
‘രണ്ട് വർഷം മുമ്പാണ് തന്റെ ഭാര്യ മരിച്ചത്. എന്നാൽ, പെട്ടെന്നൊരുനാൾ അവൾ തന്നോട് ഡേറ്റിംഗ് ആപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ആകെ പരിഭ്രാന്തനായിപ്പോയ തനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുമായിരുന്നില്ല. ഒടുവിലാണ് ഗോസ്റ്റ് ഹാൻസ് പോഡ്‌കാസ്റ്റിനോട് തന്റെ അനുഭവം പങ്ക് വയ്ക്കാം എന്ന് തീരുമാനിക്കുന്നത്’ എന്നാണ് ഡെറക് പറയുന്നത്. ഡെറക്കിന്റെ കഥ ഇപ്പോൾ ടിക്ടോക്കിൽ വൈറലാണ്.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, പോഡ്‌കാസ്റ്റിൽ ഡെറക് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്, ‘തന്റെ ഭാര്യ അലിസൺ മരിച്ചിട്ട് രണ്ട് വർഷമായി. സെർവിക്കൽ ക്യാൻസർ ബാധിച്ചതിനെ തുടർന്നാണ് അവൾ മരണത്തിന് കീഴടങ്ങിയത്. എന്നാൽ, ഒരു ദിവസം, ടിൻഡറിൽ അവളുടെ പ്രൊഫൈൽ കണ്ട് താൻ അന്ധാളിച്ചുപോയി. ആ ചിത്രത്തിൽ, അവൾ തന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. താൻ പെട്ടെന്ന് ആ പ്രൈഫൈൽ പരിശോധിച്ചു. അതിൽ മറ്റ് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഭാര്യയുടെ മൂന്ന് ഫോട്ടോകൾ അതിലുണ്ടായിരുന്നു. ആ മൂന്ന് ചിത്രങ്ങളും താൻ നേരത്തെ കണ്ടിട്ടുള്ളതായിരുന്നില്ല. താൻ ശരിക്കും ഞെട്ടിത്തരിച്ചുപോയി.’
‘പെട്ടെന്ന് താൻ വലതുവശത്തേക്ക് സ്വൈപ്പ് ചെയ്തു. എന്നാൽ, രണ്ട് ദിവസം തനിക്ക് ഉറങ്ങാൻ സാധിച്ചില്ല. അതിന് മുമ്പ് ഒരിക്കലും തനിക്ക് ഒരു ടിൻഡർ മാച്ച് ലഭിച്ചിട്ടുണ്ടായിരുന്നില്ല. താൻ കരുതിയത് ഇതൊരു പ്രാങ്കാണ് എന്നാണ്. ആരോ ഒരാൾ തന്റെ ഭാര്യയുടെ ചിത്രങ്ങളെടുത്ത് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയതാകാം എന്നാണ് താൻ കരുതിയത്. എന്നാൽ, രാവിലെ 3.33 -ന് ടിൻഡറിൽ ഒരു മെസ്സേജ് വന്നു. ഹായ് എന്നായിരുന്നു മെസ്സേജ്. താനതിന് മറുപടി നൽകി. എവിടെ നിന്നാണ് നിങ്ങൾക്ക് എന്റെ ഭാര്യയുടെ ചിത്രങ്ങൾ ലഭിച്ചത് എന്നായിരുന്നു മറുപടി അയച്ചത്.’
‘എന്നാൽ, 24 മണിക്കൂർ അതിന് മറുപടി ഒന്നും വന്നില്ല. എന്നാൽ, അത് കഴിഞ്ഞ് വീണ്ടും ഒരു മെസ്സേജ് വന്നു. നിങ്ങൾ വീട്ടിലുണ്ടോ? ഞാൻ വീടിന് പുറത്ത് നിൽക്കുന്നുണ്ട്. എന്നെ അകത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു മെസ്സേജ്. ഇത് തന്നെ വല്ലാതെ ഭയപ്പെടുത്തി. അതിന് ശേഷം മെയിൻഡോർ അടയ്ക്കുന്ന ശബ്ദം കേട്ടു. ഭയം കൊണ്ട് വിറച്ച താൻ കട്ടിലിൽ ഇരുന്നു. അപ്പോൾ മറ്റൊരു മെസ്സേജ് കൂടി വന്നു. അതിൽ എഴുതിയിരുന്നത് ‘നീ വളരെ നേരത്തെ ടിൻഡറിൽ എത്തി ഡെറി’ എന്നായിരുന്നു. തന്റെ ഭാര്യ മാത്രമാണ് തന്നെ ഡെറി എന്ന് വിളിക്കാറുണ്ടായിരുന്നത്. വേറെ ആർക്കും ആ പേര് അറിയില്ലായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ആരോ ബെഡ്‍റൂമിലേക്ക് വരുന്നത് പോലെ തനിക്ക് തോന്നി. അതോടെ താനാകെ ഭയന്നു. ഒടുവിൽ താൻ ‘അലിസൺ, ഞാൻ സോറി പറയുന്നു. എനിക്ക് നിന്നെ മിസ് ചെയ്യുന്നു. പക്ഷേ, രണ്ട് വർഷമായി നിന്നെ നഷ്ടപ്പെട്ടിട്ട്. എനിക്ക് ഇപ്പോഴെങ്കിലും മുന്നോട്ട് പോയല്ലേ പറ്റൂ’ എന്ന് പറഞ്ഞു.’
‘പിന്നീട് തനിക്ക് വാതിലിന്റെ മറുവശത്ത് ആരോ നിൽക്കുന്നത് പോലെ തോന്നി. പക്ഷേ, നോക്കിയപ്പോൾ അവിടെ ആരേയും കണ്ടില്ല. തിരികെ ബെഡ്റൂമിലെത്തിയപ്പോഴേക്കും അലിസണിന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാലും ഇന്നുവരെ എങ്ങനെയാണ് ആ ദിവസം തന്റെ ഭാര്യ പ്രത്യക്ഷപ്പെട്ടത് എന്ന് തനിക്കറിയില്ല എന്നാണ് ഡെറക് പറയുന്നത്.’ ഏതായാലും ഡെറക് പറഞ്ഞ കഥ വൈറലായെങ്കിലും ഇതൊന്നും വിശ്വസിക്കാൻ കൊള്ളുന്നതല്ല എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.