മുംബൈ: മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്‍റെ തലയിൽ മഞ്ഞൾപൊടി വിതറി പ്രതിഷേധം. ധാങ്കർ സമുദായത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.സോലാപൂർ ജില്ലയിലെ റെസ്റ്റ് ഹൗസിൽ സമുദായാംഗങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ അടുത്തെത്തി സമുദായ നേതാക്കൾ നിവേദനം നൽകി. നിവേദനം മന്ത്രി വായിക്കുന്നതിനിടെ ഒരാൾ കീശയിൽനിന്നും പേപ്പറിൽ പൊതിഞ്ഞ മഞ്ഞൾപൊടി എടുത്ത് മന്ത്രിയുടെ തലയിലൂടെ വിതറുകയായിരുന്നു.
ഇയാളെ ഉടൻ മന്ത്രിയുടെ സുരക്ഷ ജീവനക്കാരും ഏതാനും പാർട്ടി പ്രവർത്തകരും പിടിച്ചുമാറ്റി മർദിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശേഖർ ബംഗലെ എന്നയാളാണ് പ്രതിഷേധിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്‍റെ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് സർക്കാറിന്‍റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത് ചെയ്തതെന്ന് ഇയാൾ പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാർക്കോ എതിരെ കരിഓയിൽ പ്രയോഗം നടത്തുമെന്നും ഇയാൾ പറഞ്ഞു.
പ്രതിഷേധിച്ചയാൾക്കെതിരെ നടപടിക്ക് നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി പിന്നീട് അറിയിച്ചു. പാർട്ടി പ്രവർത്തകർ മർദിച്ചത് താൻ ആവശ്യപ്പെട്ടിട്ടല്ലെന്നും പെട്ടന്ന് സംഭവം കണ്ടപ്പോൾ അവർ പ്രതികരിച്ചുപോയതാണെന്നും മന്ത്രി വ്യക്തമാക്കി.