പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 107 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കനത്ത ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളിൽ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന ഉത്തരവപ്രകാരം 67 വർഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.
വളരെ നേരത്തേ തന്നെ ഈ പെൺകുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. അച്ഛൻ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് അയൽവാസികളും കുട്ടിയുടെ അധ്യാപകരും ചേർന്നാണ് വിവരം പൊലീസിൽ അറിയിച്ചത്. പിന്നീട് പൊലീസിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതടക്കം വ്യക്തമായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും പെൺകുട്ടി ഇരയായി.