ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ജാക്ക് ഗ്രീലിഷിന്റെ വകയായിരുന്നു സിറ്റിയുടെ ഏക ഗോള്‍. ജയത്തോടെ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 18 മത്സരങ്ങളില്‍ 38 പോയിന്റാണ് യുണൈറ്റഡിന്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള സിറ്റി 39 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
60-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നിന്റെ അസിസ്റ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. റിയാദ് മെഹ്‌റസില്‍ നിന്ന് യുണൈറ്റഡിന്റെ ബോക്‌സില്‍ വച്ച് പന്ത് വാങ്ങിയ ഡി ബ്രൂയ്ന്‍ സെക്കന്‍ഡ് പോസ്റ്റിലേക്ക് പന്ത് മറിച്ചുകൊടുത്തു. ഓടിവന്ന് ഉയര്‍ന്ന് ചാടിയ ഗ്രീലിഷ് തലവച്ച് പന്ത് ഗോള്‍വര കടത്തി.
എന്നാല്‍ 78-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ മറുപടി ഗോളെത്തി. കസെമിറോയുടെ ത്രൂബോളിലേക്ക് ഓടിയെത്തിയ ബ്രൂണോ അനായാസം സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കീഴ്‌പ്പെടുത്തി. നാലാം മിനിറ്റുകള്‍ക്ക് ശേഷം യുണൈറ്റഡിന്റെ വിജയഗോളുമെത്തി. ഇത്തവണയുടെ അര്‍ജന്റൈന്‍ യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടത് വിംഗില്‍ നിന്ന് യുവതാരം നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ റാഷ്‌ഫോര്‍ഡ് കാലുവച്ചു. അധികം വൈകാതെ യുനൈറ്റഡ് വിജയമാഘോഷിച്ചു.
പ്രീമിയര്‍ ലീഗില്‍ ഇന്ന് അഞ്ച് മത്സരങ്ങള്‍ ബാക്കിയുണ്ട്. വോള്‍സ്- വെസ്റ്റ്ഹാം, നോട്ടിംഗ്ഹാം ഫോറസ്റ്റ്- ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റണ്‍- ലിവര്‍പൂള്‍, എവര്‍ട്ടണ്‍- സതാംപ്ടണ്‍ മത്സരങ്ങള്‍ 8.30ന് ആരംഭിക്കും. രാത്രി 11 മണിക്ക് ബ്രെന്റ്‌ഫോര്‍ഡ്- ബേണ്‍മൗത്തിനെ നേരിടും. ഇന്നലെ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു.