കൊൽക്കത്ത: മണിപ്പൂരിൽ ഗോത്രവർഗ വനിതകൾക്കെതിരായ ക്രൂരതയിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാറിന്റെ മുഖം രക്ഷിക്കാൻ മറുപ്രചാരണവുമായി ബി.ജെ.പി. മണിപ്പൂരിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ പ്രതിപക്ഷം പ്രതികരിക്കാത്തതെന്തെന്നും ചോദിച്ചാണ് മുഖംരക്ഷിക്കൽ ശ്രമം. വാദം ന്യായീകരിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു വിഡിയോ പുറത്തുവിട്ട് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
ബംഗാളിലെ മാൾഡയിൽ ഒരു സംഘമാളുകൾ രണ്ടു സ്ത്രീകളെ മർദിക്കുന്ന വിഡിയോ ശനിയാഴ്ച ട്വിറ്ററിലൂടെ മാളവ്യ പുറത്തുവിട്ടു. പശ്ചിമബംഗാളിൽ ഭയാനക സംഭവങ്ങൾ തുടരുകയാണെന്നും രണ്ടു ഗോത്രവർഗ സ്ത്രീകളെ മർദിക്കുകയും വസ്ത്രമുരിയുകയും ചെയ്തുവെന്നും പൊലീസ് നോക്കിനിൽക്കെയാണ് സംഭവമെന്നും ട്വീറ്റിൽ പറയുന്നു. ഈ സംഭവം മുഖ്യമന്ത്രി മമത ബാനർജിയുടെ ഹൃദയം തകർത്തില്ലേ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ, മോഷണം ആരോപിച്ച് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള അക്രമത്തിന്റെ വിഡിയോ പ്രചരിപ്പിച്ച് ഇതിന് രാഷ്ട്രീയനിറം നൽകി മണിപ്പൂരിലെ അപമാനത്തിൽനിന്ന് മുഖം രക്ഷിക്കാനുള്ള വൃഥാശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ബംഗാൾ വനിത ശിശുക്ഷേമ മന്ത്രി ശശി പഞ്ച പ്രതികരിച്ചു.
‘‘മണിപ്പൂരിൽ അക്രമിസംഘം രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവവും ഇതിനുപുറമെ ഒട്ടേറെ സമാന സംഭവങ്ങളും പുറത്തുവന്നപ്പോൾ, പ്രധാനമന്ത്രിക്ക് മാസങ്ങൾ നീണ്ട മൗനം വെടിയേണ്ടി വന്ന സാഹചര്യത്തിൽ പ്രധാന പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്’’ -മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ നഗ്നയാക്കി നടത്തിച്ചുവെന്ന ബി.ജെ.പി ആരോപണവും ശശി പഞ്ച തള്ളി. വനിത എം.പിമാരടങ്ങിയ ബി.ജെ.പിയുടെ വസ്തുതാന്വേഷണ സംഘമോ സംസ്ഥാനത്ത് ഉടനീളം വിന്യസിക്കപ്പെട്ട കേന്ദ്രസേനയോ ഇക്കാര്യം റിപ്പോർട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ഇത്തരമൊരു സംഭവമുണ്ടായതായി പൊലീസ് റിപ്പോർട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
മാൾഡ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണെന്നും അഞ്ചുപേർ പിടിയിലായിട്ടുണ്ടെന്നും ബംഗാൾ പൊലീസ് അറിയിച്ചു.












