ഇംഫാൽ∙ മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം നേരിടാന്‍ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. 7500ൽപ്പരം ജനങ്ങളെ സൈന്യം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എട്ടു ജില്ലകളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം അഞ്ചു ദിവസത്തേക്കു വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചു.
മണിപ്പുര്‍ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടിക വര്‍ഗ പദവി നല്‍കുന്നത് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചതാണു സംഘര്‍ഷത്തിനു കാരണം. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഗോത്രവിഭാഗങ്ങളായ നാഗകളും സോമികളും കുകികളും രംഗത്തുവന്നു. ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ് യൂണിയന്‍ മണിപ്പുര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധം ടോര്‍ബങ്ങില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. അക്രമത്തെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്. മ്യാൻമറിൽനിന്നും ബംഗ്ലദേശിൽനിന്നുമുള്ളവർ നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ടു നേരിടുന്നതായാണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്കു താമസിക്കാൻ അനുവാദമില്ല.
വാഹനങ്ങള്‍ക്കു തീയിടുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇംഫാലിലും ചുരാചന്ദ്പുരിലുമാണ് സംഘര്‍ഷം ഏറെ രൂക്ഷമായത്. തന്‍റെ സംസ്ഥാനം കത്തിയെരിയുകയാണെന്നു ട്വീറ്റ് ചെയ്ത ബോക്സിങ് ഇതിഹാസം മേരി കോം പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും സഹായം തേടുകയും ചെയ്തിരുന്നു.