ന്യൂഡൽഹി > മണിപ്പുരിലെ ഖമൻലോക്കിൽ കുക്കി ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തെതുടർന്ന് ഒൻപത് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്ക്. ഇംഫാൽ ഈസ്‌റ്റ്, കാംപോകി ജില്ലകളുടെ അതിർത്തിയിലുള്ള ഗ്രാമം വളഞ്ഞ് അക്രമിസംഘം തുരുതുരെ വെടി ഉതിർക്കുകയായിരുന്നു. ഇക്കഴിഞ്ഞ പുലർച്ചെ ഒന്നിനാണ് സംഭവം. ഗ്രാമവാസികൾ ആക്രമണം ചെറുത്തുവെന്നും ഇരുപക്ഷത്തും ആൾനാശം ഉണ്ടായെന്നും അധികൃതർ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി ഇവിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒൻപത് പേർക്ക് പരിക്കേറ്റു.
പുതുതായി രൂപീകരിച്ച സമാധാനസ്ഥാപന സമിതിയുടെ യോഗം വ്യാഴാഴ്‌ച രാജ്‌ഭവനിൽ ചേരാനിരിക്കെയാണ് ആക്രമണസംഭവങ്ങൾ. മെയ് മൂന്നിന് പൊട്ടിപ്പുറപെട്ട വംശീയ- വർഗീയ കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് ജീവൻ നഷ്ടമായി. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. അരലക്ഷത്തോളം പേർ അഭയാർഥികളായി. സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും അശാന്തി തുടരുന്നു. സുരക്ഷാസേനകൾ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. സമാധാനസമിതി യോഗം ബഹിഷ്‌കരിക്കുമെന്ന് കുക്കിവിഭാഗം സംഘടനകൾ വ്യക്തമാക്കി.
സമാധാനപ്രക്രിയക്ക് വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എട്ട് രാഷ്‌ട്രീയ പാർടികൾ ഗവർണർ അനസൂയ ഉക്‌യക്ക് നിവേദനം നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ 15 തോക്കും 63 തിരയും പിടിച്ചെടുത്തതായി സുരക്ഷാസേന വക്താവ് പറഞ്ഞു.