കൊച്ചി : കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മഞ്ജുവാര്യര്‍. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയായതെന്ന് മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. ‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു കുറിച്ചു.
തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന് ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.