കൊച്ചി : മണ്ണൂത്തി -ഇടപ്പള്ളി ദേശീയ പാതയിൽ അറ്റകുറ്റപണികളും മുടങ്ങി കിടന്ന നിർമാണങ്ങളും പൂർത്തിയാക്കാനുള്ള പുതിയ ടെൻഡർ തുറന്നു. മൂന്ന് കമ്പനികളാണ് ടെൻഡറിൽ താത്പര്യം അറിയിച്ചത്. നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വീഴ്ച വരുത്തിയതോടെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടെൻഡർ ക്ഷണിച്ചത്.
കുഴിയേത് വഴിയേത് എന്നറിയാൻ കഴിയാത്ത മണ്ണൂത്തി -ഇടപള്ളി ദേശീയ പാതയിൽ ദേശീയ പാത അതോറിറ്റിയുടെ ഒടുവിലത്തെ ശ്രമമാണ് പുതിയ ടെൻഡർ.ദേശീയ പാതയിൽ ചാലക്കുടി അണ്ടർ പാസും ,24കിലോമീറ്റർ ടാറിംഗും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് പൂർത്തിയാക്കിയിട്ടില്ല.ചാലക്കുടി മുതൽ ആലുവ വരെ കുഴികൾ നിറഞ്ഞ പാതയിൽ അറ്റകുറ്റപ്പണികളിലും വീഴ്ചയുണ്ടായി. ജി ഐ പി എല്ലിന് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
മുടങ്ങിയ നിർമാണങ്ങൾ പൂർത്തിയാക്കാൻ ജൂലൈ 21നാണ് പുതിയ ടെൻഡർ വിളിച്ചത്. ഇപ്പോൾ ടെൻഡർ തുറന്നപ്പോൾ മൂന്ന് കമ്പനികളാണ് താത്പര്യം അറിയിച്ചിട്ടുള്ളത്.കമ്പനികളുടെ സാങ്കേതിക ശേഷി പരിശോധിച്ച ശേഷം ദേശീയ പാത അതോറിറ്റി ഫിനാൻഷ്യൽ ബിഡിലേക്ക് കടക്കും.സെപ്റ്റംബറോടെ പുതിയ കമ്പനിക്ക് കരാർ കൈമാറും. നിർമ്മാണ ചെലവിന്‍റെ ഇരുപത്തിയഞ്ച് ശതമാനം പിഴയായി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഈടാക്കും.പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ചാലക്കുടി അങ്കമാലി സ്ട്രെച്ചിൽ കുഴിയടച്ചിട്ടും പല ഇടത്തും റോഡ് വീണ്ടും പൊളിയുകയാണ്.ഈ സ്ട്രെച്ചിൽ മാത്രം എന്താണ് സംഭവിക്കുന്നത് പഠിക്കാൻ ഐ ഐ ടി സംഘവും വരും ദിവസങ്ങളിൽ പരിശോധന തുടങ്ങും.