മലപ്പുറം : പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഡിആർഐ തിരയുന്ന മന്‍സൂറിനു ലഹരിക്കടത്തില്‍ പങ്കില്ലെന്ന് പിതാവ് മൊയ്തീൻ അഹമ്മദ്. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറില്‍ പാഴ്സല്‍ നിറച്ചിരുന്നു. കണ്ടെയ്നര്‍ അയയ്ക്കുമ്പോള്‍ മന്‍സൂര്‍ നാട്ടിലായിരുന്നു. ഡിആർഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന നടത്തിയെന്നും പിതാവ് പറഞ്ഞു.
‘‘ഈ വിഷയത്തെക്കുറിച്ച് കുടുംബത്തിനു പ്രത്യേകിച്ച് ഒന്നും അറിയില്ല. ഞായറാഴ്ച ഞാൻ പള്ളിയിൽ പോയി വന്ന ശേഷം രാവിലെ ആറരയോടെ ബെല്ലടിക്കുന്നതു കേട്ടു. വാതിൽ തുറക്കുമ്പോൾ രണ്ടു വണ്ടികളിൽ ആളുകൾ പുറത്തു നിൽപ്പുണ്ട്. അവർ എന്നെ കണ്ടപ്പോൾ ഡിആർഐയിൽ നിന്നാണെന്നും ചില പ്രശ്നങ്ങളുള്ളതിനാൽ വീടു പരിശോധിക്കണമെന്നും പറഞ്ഞു. ഡൽഹിയിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് വന്നതാണെന്നും വീടു പരിശോധിക്കുന്നതിൽ വിരോധമുണ്ടോയെന്നും ചോദിച്ചു. ഞങ്ങൾക്ക് അത്തരത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് ഞാൻ പറഞ്ഞു’ – മൻസൂറിന്റെ പിതാവ് പ്രതികരിച്ചു. കുടുംബത്തിൽ ആരും സിഗററ്റ് പോലും വലിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിആര്‍െഎ മുംബൈയില്‍നിന്നു പിടികൂടിയ വൻ ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് മൻസൂർ സംശയനിഴലിലായത്. പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്‍റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ അറസ്റ്റു ചെയ്തിരുന്നു. വിജിന്‍റെ പങ്കാളി കൂടിയാണ് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ തച്ചപറമ്പന്‍ മന്‍സൂർ.സെപ്റ്റംബര്‍ 30നാണ് മുംബൈ വാശിയില്‍ ഇറക്കുമതി ചെയ്ത ഒാറഞ്ച് കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തിയ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഡിആർഐ പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കൈയിനുമാണ് പിടിച്ചെടുത്തത്.