റിയാദ്: നിരവധി ജീവനുകൾ അപഹരിച്ച അബഹ ചുരത്തിലെ ബസ് അപകടത്തെ തുടർന്ന് അസീർ മേഖലയിലെ ഉംറ ഏജൻസികളിൽ അധികൃതരുടെ പരിശോധന. ഖമീസ് മുശൈത്തിലെ ‘ബറക്ക’ എന്ന ഉംറ ഏജൻസിയുടെ തീർഥാടകരുമായി മക്കയിലേക്ക് പുറപ്പെട്ട ബസാണ് അബഹക്കും മഹായിലിനുമിടയിലെ ഷഹാർ അൽറാബത് ചുരത്തിൽ ഇടിച്ച് മറിഞ്ഞ് കത്തി 21 പേരുടെ മരണത്തിനും 26 പേരുടെ പരിക്കിനും ഇടയായത്.
ഖമീസ് മുശൈത്ത് ബലദിയ (മുനിസിപ്പാലിറ്റി) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരവധി ജനറൽ സർവിസ്, ഉംറ ഓഫീസുകൾ അടച്ചുപൂട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്‍പതോഓളം ഏജൻസി ഓഫീസുകളാണ് ഖമീസ് മുശൈത്ത് പട്ടണത്തിൽ തുറന്നത്. ഇതിൽ ഭൂരിപക്ഷവും മതിയായ അനുമതികളോ രേഖകളൊ ഇല്ലാതെ അധികൃതമായി പ്രവർത്തിക്കുന്നതായിരുന്നു. പരിശോധനയിൽ അനധികൃതമെന്ന് കണ്ടെത്തിയവയാണ് ചൊവ്വാഴ്ച അധികൃതർ അടച്ചുപൂട്ടിയത്. ബസ് അപകടത്തെ തുടർന്ന് ഉംറ സർവിസ് സ്ഥാപനങ്ങളും സർവിസുകളും ബസുകളും ജീവനക്കാരെയും കർശന പരിരോധനക്ക് വിധേയമാക്കണമെന്ന് ടിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ചുരം റോഡിന്റെ വലിയ വളവിൽ കൈവരി തകർത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിലുണ്ടായിരുന്ന തീർഥാടകരിൽ രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാൻ പൗരന്മാരും ഓരോ ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാരും മറ്റുള്ളവരെല്ലാം ബംഗ്ലാദേശുകാരുമായിരുന്നു. ഇതിൽ 21 പേർ മരിച്ചു. ബാക്കി 26 പേർക്ക് പരിക്കുമേറ്റു.
മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് ബസിലുണ്ടായിരുന്നത്. രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.