ദില്ലി: ഛത്തീസ്ഗഡിൽ 10 പൊലീസുകാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോഗിച്ചത് 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണമെന്ന് (ഐഇഡി) റിപ്പോർട്ട്. സ്ഫോടനം റോഡിൽ വൻ കുഴിയുണ്ടാക്കുകയും മരങ്ങൾ പിഴുതെറിയുകയും ചെയ്തു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) പൊലീസുകാർ വാടകയ്ക്ക് എടുത്ത മിനി വാനിലാണ് യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനത്തിന് ബാലിസ്റ്റിക് സുരക്ഷയുണ്ടായിരുന്നില്ല.
സ്ഫോടനത്തിന്റെ ശക്തിയിൽ വാഹനം 20 അടി ദുരേക്ക് തെറിച്ചു. തകർന്ന വാനിന്റെ അവശിഷ്ടങ്ങൾ സ്ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റർ അകലെ വീണതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദന്തേവാഡ ജില്ലയിലാണ് വൻ ആക്രമണം നടന്നത്. ആക്രമണത്തിൽ 10 അടി ആഴവും 20 അടി വീതിയുമുള്ള ഗർത്തം രൂപപ്പെട്ടു. പൊലീസുകാർ സഞ്ചരിച്ചിരുന്ന വാൻ ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ വലിയ അളവിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് ടെറിട്ടോറിയൽ ആർമിയുടെ മുൻ മേധാവി മേജർ ജനറൽ അശ്വിനി സിവാച്ച് മാധ്യമങ്ങളോട് പറഞ്ഞു.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘത്തിന് നേരെ ആക്രമണം നടന്നത്. പ്രത്യേക സുരക്ഷാ സേന കാട്ടിൽ ഒളിച്ച അക്രമികളെ തിരയുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. സമീപകാലത്ത് സുരക്ഷാസേനക്കെതിരെ മാവോയിസ്റ്റുകൾ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ദന്തേവാഡയിലേത്. പ്രദേശത്ത് നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമമായാണ് മാവോയിസ്റ്റ് ആക്രമണത്തെ അധികൃതർ കാണുന്നത്. സർക്കാരിന്റെ പുനരധിവാസ നയത്തെ തുടർന്ന് ഓരോ വർഷവും 400-ലധികം മാവോയിസ്റ്റുകൾ കീഴടങ്ങുന്നതായി ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.