മറയൂർ : അഞ്ചുനാടൻ മലനിരകളിൽ മഞ്ഞിന്റെ ശീതളിമയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. മലനിരകളെ പൂർണമായി മറച്ച് ഒരു കോട്ടയായി, കുടയായി, മഞ്ഞ് നിൽക്കുന്നത് ഏതൊരു സഞ്ചാരിക്കും നിറ കാഴ്ചയായിരിക്കും. കഴിഞ്ഞ ആറുദിവസമായി മറയൂർ, കാന്തല്ലൂർ മേഖലകളിലെ മുഴുവൻ റിസോർട്ടുകളും ഹോം സ്റ്റേകളും ലോഡ്ജുകളും മൺവീടുകളും ഫാം സ്റ്റേറ്റകളും സഞ്ചാരികളാൽ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമാണ് ഇപ്പോൾ സഞ്ചാരികൾ കൂടുതലായെത്തുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലകളിൽ നിന്നുള്ള കുട്ടികളുടെ ടൂർ പാക്കേജാണ് ഏറ്റവും കൂടുതലായി ഇവിടെയെത്തുന്നത്.
ജീപ്പുസവാരിയാണ് മറ്റൊരു പ്രധാന ആകർഷണം. ആറുമണിക്കൂർ നീളുന്ന ഓഫ്റോഡ് അടക്കമുള്ള ജീപ്പ് സവാരി മറയൂർ, കാന്തല്ലൂർ മേഖലയിലെ ഉൾപ്രദേശങ്ങളിലുള്ള സഞ്ചാരകേന്ദ്രങ്ങളിൽവരെ സഞ്ചാരികൾക്ക് കാണാൻ അവസരമൊരുക്കുന്നു. മറയൂരിലെ ചന്ദനക്കാടുകൾ, മറയൂർ ശർക്കര ഉത്പാദന കേന്ദ്രങ്ങൾ, കരിമ്പിൻ പാടങ്ങൾ, ആനക്കോട്ടപ്പാറ പാർക്ക്, തേൻപാറ, ഭ്രമരം സൈറ്റ്, കാന്തല്ലൂരിലെ ശീതകാല പഴം, പച്ചക്കറി ഫാമുകൾ, ഇരച്ചിൽ പാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, മുരുകൻപാറ വെള്ളച്ചാട്ടം എന്നിവ കാണുന്നതിന് കഴിയും. സ്വന്തം വാഹനത്തിലെത്തിയാൽ ഈ കേന്ദ്രങ്ങളിൽ പലതും സഞ്ചാരികൾ കാണാതെ മടങ്ങേണ്ടിവരുന്നു. വലിയ വാഹനങ്ങൾക്ക് ഈ മേഖലയിലെത്തുന്നതിന് കഴിയുകയുമില്ല.