അക്ര: എബോള പോലെ ലോകത്തിലെ മാരക വൈറസിൽ ഒന്നായ മാർബർഗ് രോഗബാധ ഘാനയിൽ സ്ഥിരീകരിച്ചു. ഘാനയിലെ അസ്‌താനിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധമൂലം ഇതിനോടകം രണ്ടുപേർ മരിച്ചു. 98 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മരണനിരക്ക് ഉയർന്ന മാർബർഗും ഉൾപ്പെടുന്നത്. വൈറസ് ബാധിക്കപ്പെടുന്നവരിൽ വലിയൊരു ശതമാനം പേരുടെയും ജീവനെടുക്കാൻ കഴിവുള്ള അത്രയും ഭീകരമാണ് മാർബർഗ്. രോഗം ബാധിക്കുന്ന പത്തിൽ 9 പേരും മരിക്കാൻ സാധ്യതയുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 24 മുതൽ 88 ശതമാന വരെയാണ് മരണസാധ്യത.
കടുത്ത പനി, ശരീരവേദന, ഛർദ്ദി, ശരീരത്തിൻറെ അകത്തും പുറത്തും രക്തസ്രാവം, മസ്‌തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്‌തംഭനം തുടങ്ങിയവയാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. നിലവിൽ രോഗത്തിന് ചികിത്സ ലഭ്യമല്ല.രണ്ടാം തവണയാണ് മാർബർഗ് വൈറസ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഗിനിയയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. 1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.