കൊച്ചി: മസാല ബോണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഏപ്രിൽ അഞ്ചുവരെ മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി സ്വീകരിക്കരുതെന്ന് ഹൈകോടതി. ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്‍റെ പേരിൽ ഏപ്രിൽ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡിയുടെ പുതിയ സമൻസിനെതിരെ തോമസ് ഐസക് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്. വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു.
തുടർച്ചയായി സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച ഇ.ഡി പുതിയ സമൻസ് തോമസ് ഐസക്കിന് അയച്ചത്. സമൻസുകൾ ചോദ്യം ചെയ്ത് ഹരജികൾ കോടതിയുടെ പരിഗണനയിലുണ്ട്. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ഇനിയും ഹാജരായില്ലെങ്കിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴാമതും സമൻസ് അയച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസും ചോദ്യം ചെയ്യലും തടയണമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ ആവശ്യം. ഇക്കാര്യം പരിഗണിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പുമായി ഇ.ഡിയുടെ നടപടികൾക്ക് ബന്ധമില്ലെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ ജയ്ശങ്കർ വി. നായർ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഹാജരാകാൻ സമൻസുകൾ അയച്ചിട്ടുള്ളതാണ്. അതിനാൽ, തെരഞ്ഞെടുപ്പിന്‍റെ പേരിൽ നടപടികൾ തടഞ്ഞുവെക്കാനാവില്ലെന്നും സ്റ്റേ അനുവദിക്കരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്നാണ് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയത്. വാദം നാളെ തന്നെയാക്കണമെന്ന് തോമസ് ഐസക്കിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര നിലപാട് അറിയിക്കാൻ വെള്ളിയാഴ്ച വരെ ഇ.ഡി സമയം തേടുകയായിരുന്നു. അതേസമയം, ആവശ്യപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറിയെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഹരജികളുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചതായും വ്യക്തമാക്കി.