വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്ത് ബൈജൂസ് ആകാശ് ട്യൂഷൻ സെന്‍ററിൽ വൻ തീപിടിത്തം. വിശാഖപട്ടണത്തെ ഗാജുവാകയിലുള്ള ട്യൂഷൻ സെന്‍റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. സ്ഥാപനത്തിലെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. രണ്ടാം നിലയിൽ നിന്ന് പടർന്ന തീ മൂന്നാം നിലയിലേക്കും പടരുകയായിരുന്നു. മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയ്ക്കും അഗ്നിബാധയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് വിവരം. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന ഏറെനേരം പാടുപെട്ടാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇഡി നടപടികൾ കടുപ്പിച്ചതോടെ ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്നാണ് സൂചന.
ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കിനിന്ന വളർച്ചയായിരുന്നു മലയാളിയായ ബൈജു രവീന്ദ്രൻ്റെ സ്റ്റാർട്ടപ്പ് സംരഭം ബൈജൂസ് ലേണിംഗ് ആപ്പിൻ്റേത്. എന്നാൽ വളർച്ചയേക്കാൾ വേഗത്തിലായിരുന്നു ബൈജൂസിൻ്റെ തകർച്ചയും. 2011 ലാണ് എം ബി എ വിദ്യാർത്ഥികൾ മുതൽ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തിങ്ക് ആൻഡ് ലേണ്‍ കമ്പനി ആരംഭിക്കുന്നത്. അത് പ്രതീക്ഷയ്ക്കപ്പുറം വിജയം കണ്ടതോടെ 2015 ൽ ബൈജൂസ് ദി ലേണിംഗ് പിറവിയെടുത്തു. ബോർഡ് എകസാം മുതൽ കിൻഡർ ഗാർഡൻ വരെയുള് സിലബസുകള്‍ ഒരു കുടക്കീഴിൽ കൊണ്ടുവന്നതോടെ ബൈജൂസിന് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. ലോകം കൊവിഡിന്‍റെ പിടിയിലമർന്നപ്പോള്‍ ഗുണം ചെയ്തത് ബൈജൂസിനായിരുന്നു.
2020 കമ്പനി മൂല്യം 22 ബില്യണ്‍ ഡോളറായി ഉയർന്നു. പണം കുമിഞ്ഞ് കൂടിയതോടെ ബിസിനസ് വിപുലപ്പെടുത്താൻ ശ്രമിച്ചതാണ് ബൈജൂസിന്‍റെ തലവര മാറ്റിയത്. നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്ഫോം വൈറ്റ് ഹാറ്റ് ജൂനിയർ, ആകാശ് ഇൻസ്റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ തകർച്ച ആരംഭിച്ചു. ലോക്ഡൗണ്‍ അവസാനിച്ച് കുട്ടികള്‍ സാകൂളിൽ പോയി തുടങ്ങിയതും തിരിച്ചടിയായി. ഇതിന് പുറമേ യുഎസ് ഫെഡറൽ റിസർവ് സാമ്പത്തിക നയങ്ങളിൽ വരുത്തിയ മാറ്റങ്ങളും ബൈജൂസിന് ഇരുട്ടടിയായി. അമേരിക്കൻ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ മുഴുവൻ പാളി. പിന്നാലെ 2022 ൽ ബൈജൂസിനെതിരെ ഇ ഡി നടപടി ആരംഭിക്കുകയായിരുന്നു.




















