തിരുവനന്തപുരം> സുപ്രധാന രേഖകൾ പുറത്തുവിടുന്നുവെന്ന് വൻപ്രചാരണം നൽകി മാത്യു കുഴൽനാടൻ സംഘടിപ്പിച്ച വാർത്താ സമ്മേളനം നനഞ്ഞ പടക്കമായി. നികുതി വെട്ടിച്ച ഭൂമി കച്ചോടവും, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി തനിക്കെതിരൊയ ആരോപണങ്ങൾക്ക് മറുപടിയൊന്നുമില്ലാത്ത കുഴൽനാടൻ ജനശ്രദ്ധ തിരിച്ചുവിടാനായി പുതിയ ആക്ഷേപങ്ങൾ ചമയ്‌ക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ യുക്തിരഹിത ആക്ഷേപങ്ങൾ ഉന്നയിച്ച് വാർത്താ തലക്കെട്ടുകൾ സൃഷ്‌ടിക്കാൻ നോക്കുകയെന്ന കുഴൽനാടൻ കുതന്ത്രത്തിന്റെ ആവർത്തനം മാത്രമായി.
ടി വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചിട്ടില്ലെന്നായിരുന്നു കുഴൽനാടന്റെ ആദ്യനിലപാട്. നികുതി അടച്ചിട്ടുണ്ടെന്ന രേഖകൾ പുറത്തുവിട്ടാൽ തെറ്റ് തിരുത്തി മാപ്പ് പറയാമെന്നും പ്രഖ്യാപിച്ചു. വസ്‌തുത പുറത്തുവരുമെന്നായപ്പോൾ അതിൽനിന്നും മലക്കംമറിഞ്ഞു. എന്നാൽ, കുഴൽനാടൻ മറുപടി പറയാൻ മടിക്കുന്ന കാര്യങ്ങളാണ് പൊതുമണ്ഡലത്തിലെ ചർച്ച. 1.92 കോടി രൂപയ്‌ക്ക് രജിസ്റ്റർചെയ്‌ത വസ്‌തുവിനും കെട്ടിടത്തിനും മൂന്നര കോടി വിലയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകി. ഏഴുകോടി വിലയുള്ള ആസ്‌തിയിൽ, സ്വയം വെളിപ്പെടുത്തിയ തുകയായ മുന്നകോടിയുടെ നികുതിയും അടച്ചിട്ടില്ല. പങ്കാളിത്ത വ്യാപാരത്തിൽ മറ്റ് രണ്ടു പങ്കാളികൾ ഒരു രുപയും മുടക്കിയതായി രേഖയില്ല. ഇവർ ബിനാമികളായിരുന്നു. ഏഴുകോടിയുടെ ഇടപാടിലെ ബാക്കിപണം കള്ളപണമായിരുന്നു. വസ്‌തുവിൽ വമ്പൻ കെട്ടിടം മറച്ചുവെച്ച് വീട് നിർമ്മിക്കാൻ അനുമതി തേടി ദേവികുളം തഹസീൽദാർക്ക് അപേക്ഷ നൽകി. ചിന്നക്കനാൽ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിര താമസക്കാരനാണെന്ന് ഈ അപേക്ഷയിൽ പച്ചക്കള്ളം രേഖപ്പെടുത്തി.
പരിസ്ഥിതി ദുർബല പ്രദേശത്ത് അനധികൃത റിസോട്ടിന് അനുമതി നേടിയെടുക്കാൻ എംഎൽഎ സ്ഥാനം ദുരുപയോഗം ചെയ്‌തു. വിവിധ രേഖകളിലും വ്യത്യസ്‌ത ഒപ്പ് രേഖപ്പെടുത്തിയും തട്ടിപ്പിന് ശ്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ നൽകിയ സത്യവാങ്‌മുലത്തിൽ ഇല്ലാത്ത സ്വത്ത് എഴുതിചേർത്ത് രേഖയാക്കി. ഒന്നരവർഷത്തിനുംശേഷം ഇതേ സ്വത്ത് സ്വന്തമാക്കി. സത്യവാങ്‌മൂലത്തിലെ ക്രമക്കേടിലൂടെ എംഎൽഎ ആയതിനുശേഷം ആർജിച്ച് സ്വത്തെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. ഇത്തരം കാര്യങ്ങൾ ഉയർന്നിട്ടുള്ള ഗൗരവകരമായ ആരോപണങ്ങൾക്ക് കുഴൽനാടന് ഒരു മറുപടിയുമില്ല.
മൂവാറ്റുപുഴയിൽ കുഴൽനാടന്റെ കുടുംബവീടിന്റെ മതിൽ പൊതുമരാമത്ത് റോഡ് കൈയ്യേറി ഓടയുടെ പുറത്താണ് നിർമ്മിച്ചതെന്നാണ് പരാതി. ഓടയുടെതാഴെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും കടന്നുപോകുന്നു. പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിന് കൈമാറിയതിനാലാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ അധിക്ഷേപങ്ങൾ ചൊരിയാൻ ശ്രമിക്കുന്നതെന്ന ആക്ഷേപത്തിലും കുളൽനാടൻ വായ തുറന്നിട്ടില്ല. ജനപ്രതിനിധിയെന്ന നിലയിൽ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഇരവാദം ഉന്നയിക്കാനാണ് ശ്രമം.