ന്യൂഡൽഹി : മഥുര കൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രം പൊളിച്ചാണ് തൊട്ടടുത്തുള്ള ഈദ്ഗാഹ് മസ്ജിദ് പണിതതെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജി നിലനിൽക്കുമെന്നു മഥുര ജില്ലാ കോടതി വ്യക്തമാക്കി. മസ്ജിദിന് എതിരായ ഹർജി തള്ളി നേരത്തേ സിവിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ ഹർജിയിലാണ് വാദം കേൾക്കാവുന്നതാണെന്നു ജില്ലാ ജഡ്ജി രാജീവ് ഭാരതി വ്യക്തമാക്കിയത്.
ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തിനു മുകളിൽ മുഗൾ ചക്രവർത്തി ഔറംഗസേബാണ് ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ വാദം. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് എങ്ങനെയായിരുന്നോ അതുപോലെ തന്നെ എല്ലാ ആരാധനാലയത്തിന്റെയും സ്വഭാവം നിലനിർത്തണമെന്നു നിഷ്കർഷിക്കുന്ന നിയമം (1991) ചൂണ്ടിക്കാട്ടിയാണ് മഥുരയിലെ സിവിൽ കോടതി ഇതു തള്ളിയത്.