തിരുവനന്തപുരം: 50 മെഡിക്കൽ സീറ്റോടെയും ഇനി മെഡിക്കൽ കോളജുകൾ തുടങ്ങാം. നാഷനൽ മെഡിക്കൽ കമീഷന്റെ റെഗുലേഷൻ വ്യവസ്ഥയിലാണ് ഇതിനനുസൃതമായ മാറ്റം കൊണ്ടുവന്നത്. നിലവിൽ 100 സീറ്റോടെയാണ് മെഡിക്കൽ കോളജുകൾ തുടങ്ങുന്നത്. അതേസമയം, മെഡിക്കൽ കോളജിൽ അനുവദിക്കാവുന്ന പരമാവധി എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 250ൽനിന്ന് 150 ആയും നിജപ്പെടുത്തി. നിലവിൽ 150നു മുകളിൽ സീറ്റുള്ള കോളജുകളെ പുതിയ വ്യവസ്ഥ ബാധിക്കില്ല.കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ 250 വീതവും തൃശൂർ, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ 175 വീതം സീറ്റുമുണ്ട്. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കോഴിക്കോട് മലബാർ, ഒറ്റപ്പാലം പി.കെ ദാസ് കോളജുകളിൽ 200 വീതം സീറ്റുമുണ്ട്. റെഗുലേഷൻ വ്യവസ്ഥ പ്രകാരം 50/100/150 എന്ന ക്രമത്തിലായിരിക്കും സീറ്റ് അനുവദിക്കുക. 50 സീറ്റ് മെഡിക്കൽ കോളജിനായി അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ, അധ്യാപക/ അനധ്യാപക ജീവനക്കാരുടെ എണ്ണവും കമീഷൻ നിശ്ചയിച്ചിട്ടുണ്ട്. 220 കിടക്കകളുള്ള ആശുപത്രി സൗകര്യമാണ് 50 വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ നിശ്ചയിച്ചത്. പ്രതിദിനം ഒ.പി വിഭാഗത്തിൽ 400 രോഗികെളങ്കിലും ഉണ്ടാകണം. 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ 420 കിടക്ക ശേഷിയുള്ള ആശുപത്രി വേണം. ഒ.പിയിൽ പ്രതിദിനം 800 രോഗികൾ ഉണ്ടാകണം.
150 വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന ആശുപത്രിയിൽ 605 കിടക്കയും 1200 ഒ.പി രോഗികളും ഉണ്ടാകണം. 200 വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന കോളജിന് 770 കിടക്കയും 1600 ഒ.പി രോഗികളും 250 വിദ്യാർഥികൾക്ക് 900 ബെഡ് ശേഷിയും 2000 ഒ.പി രോഗികളും ഉണ്ടാകണം. പ്രതിവർഷം കിടക്ക ശേഷിയുടെ 80 ശതമാനത്തിലേക്ക് രോഗികൾ ഉണ്ടായിരിക്കണം.50 സീറ്റുള്ള കോളജിൽ 14 പ്രഫസർ, 20 അസോസിയേറ്റ് പ്രഫസർ, 25 അസിസ്റ്റൻറ് പ്രഫസർ ഉൾപ്പെടെ 59 അധ്യാപകർ ഉണ്ടാകണം. ഇതിനു പുറമെ, 15 ട്യൂട്ടർമാരും 23 സീനിയർ റെസിഡൻറുമാരും ഉണ്ടാകണം. 100 സീറ്റുള്ളിടത്ത് 17 പ്രഫസർ, 27അസോ. പ്രഫസർ, 41 അസി. പ്രഫസർ ഉൾപ്പെടെ 85 അധ്യാപകരും 25 ട്യൂട്ടർ, 40 സീനിയർ റെസിഡൻറുമാരും ആവശ്യമാണ്. 150 സീറ്റിന് 19 പ്രഫസർ, 40 അസോ. പ്രഫസർ, 55 അസി. പ്രഫസർ, 32 ട്യൂട്ടർ, 58 സീനിയർ റെസിഡൻറുമാർ എന്നിങ്ങനെയുണ്ടാകണം. 200 സീറ്റുള്ള കോളജിൽ 20 പ്രഫസർ, 51 അസോ. പ്രഫസർ, 70 അസി. പ്രഫസർ, 40 ട്യൂട്ടർ, 73 സീനിയർ റെസിഡൻറുമാരും 250 സീറ്റിന് 20 പ്രഫസർ, 62 അസോ. പ്രഫസർ, 86 അസി. പ്രഫസർ, 43ട്യൂട്ടർ, 80 സീനിയർ റെസിഡൻറുമാർ എന്നിങ്ങനെയും ഉണ്ടാകണം. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പാത്തോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, സൈക്യാട്രി, ജനറൽ സർജറി, ഒാർത്തോപീഡിക്സ്, ഇ.എൻ.ടി, ഒാഫ്ത്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അനസ്ത്യേഷ്യോളജി, റേഡിയോഡയഗ്നോസിസ്, ഡെൻറിസ്ട്രി എന്നീ പഠന വകുപ്പുകളിലാണ് ഇത്രയും അധ്യാപകർ വേണ്ടത്. ഇതിനു പുറമെ, ഇൻറഗ്രേറ്റിവ് മെഡിക്കൽ റിസർച് എന്ന വിഭാഗം ഉൾപ്പെടെ 21 വകുപ്പുകൾ കോളജിലുണ്ടാകണം.