തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കിട്ടാതെ അന്വേഷണം വഴിമുട്ടി. കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ യദുവിനെയും കണ്ടക്ടർ സുബിനെയും വീണ്ടും ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിന് പിന്നാലെയാണ് നീക്കം. ഡിപ്പോയിലെ ജീവനക്കാരെയും ചോദ്യംചെയ്യും.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാതെ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. കാര്‍ഡിനായുള്ള അന്വേഷണം പലതലങ്ങളിൽ ഊര്‍ജിതമായി തുടരുകയാണ്. അതിനിടെ, ഇപ്പോഴുള്ള അന്വേഷണസംഘത്തെ മാറ്റണമെന്നും മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ മേയറെ ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു രംഗത്തെത്തി.
മെമ്മറി കാര്‍ഡ് നഷ്ടമായ സംഭവത്തില്‍ കെ.എസ്.ആർ.ടി.സി നല്കിയ പരാതിയിലെടുത്ത കേസിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. യദുവിന്റെയും മേയറുടെയും പരാതിയില്‍ കന്റോണ്‍മെന്റ് എടുത്ത കേസിലും അന്വേഷണം പുരോഗമിക്കുന്നു.