തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി വി.അജിത്കുമാര്‍. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തുവിട്ടിട്ടില്ലെന്നും കെ റെയില്‍ എംഡി പറഞ്ഞു. നൂറുകണക്കിന് വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ട്. അന്നില്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കെ റെയിലിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നായിരുന്നു ഇ.ശ്രീധരന്റെ പ്രസ്താവന. പദ്ധതി വരുന്നതോടെ ട്രാക്കിന് ചുറ്റും വേലി കെട്ടേണ്ടി വരും. അത് ചൈനാ മതിലായി മാറുന്ന സാഹചര്യത്തിന് ഇടയാക്കും. സംസ്ഥാനത്ത് രൂക്ഷമാ കൊവിഡ് പ്രതിസന്ധിക്കിടെ ഇത്രയും വലിയ പദ്ധതി കൊണ്ടുവരുന്നത് ശരിയല്ലെന്നും മെട്രോമാന്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേ കടന്നുപോകുന്ന പാതയില്‍ ഏറിയ പങ്കും നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ്. പദ്ധതി വന്നാല്‍ അത് ജലാശയങ്ങളുടെ സുഗമമായ ഒഴുക്കിന് തടസമാകും. മേല്‍പ്പാലങ്ങളിലൂടെയോ ഭൂഗര്‍ഭ പാതയിലൂടെയോ ഉള്ള പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. ധാരാളം പാരിസ്ഥിതി ദുരന്തങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയാലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു. എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ നടപടി സ്വീകരിക്കാനായി. സില്‍വര്‍ ലൈനുമായി ബന്ധപെട്ട് നിയമസഭയില്‍ ചര്‍ച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു, പക്ഷെ ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.