ന്യൂയോർക്: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മെലാനിയയും മുമ്പില്ലാത്ത വിധം കൂടുതൽ അടുത്തതായി റിപ്പോർട്ട്. ഒരിക്കൽ കൂടി പ്രഥമ വനിതയാകാൻ ആഗ്രഹിക്കുന്ന മെലാനിയ ട്രംപിന്റെ പ്രചാരണങ്ങളിൽ സജീവമായുണ്ടത്രെ. ഒരുപാട് നിയമപ്രശ്നങ്ങളുണ്ടെങ്കിലും ട്രംപ് പ്രചാരണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. മകൾ ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും ട്രംപിന്റെ പ്രചാരണത്തിൽ നിന്ന് പിൻമാറിയശേഷം മെലാനിയ സജീവമായുണ്ട്.
മെലാനിയ അടുത്തുണ്ടാകുമ്പോൾ ട്രംപിന് ആത്മവിശ്വാസം കൂടുതലാണ്. മുമ്പില്ലാത്തവിധത്തിൽ ദൃഢമായിരിക്കുകയാണ് അവരുടെ ബന്ധം. മുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ പ്രചാരണത്തിനായി മെലാനിയ എന്റെ അരികിലുണ്ട് എന്നാണ് ട്രംപ് ഇതെ കുറിച്ച് പറഞ്ഞത്.തന്റെ ഭർത്താവ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ വലിയ വിജയമായിരുന്നുവെന്നാണ് കഴിഞ്ഞാഴ്ച ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ മെലാനിയ പറഞ്ഞത്. അദ്ദേഹമാണ് എന്റെ പിന്തുണ, ഭാവിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്നേഹവും ശക്തിയും പകർന്ന് അമേരിക്കയെ വീണ്ടും നയിക്കാൻ കഴിയുമെന്നാണ് കരുതുന്നത്-എന്നും അവർ പറയുകയുണ്ടായി.അതെസമയം, ട്രംപ് നേരിടുന്ന നിയമപ്രശ്നങ്ങളെ കുറിച്ച് മെലാനിയ അഭിപ്രായം പറഞ്ഞില്ല.1990കളിൽ മാഗസിൻ എഴുത്തുകാരൻ ഇ ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചെയ്‌തതിന് ട്രംപ് 5 മില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ദിവസം യു.എസ് കോടതി വിധിച്ചിരുന്നു.